Sorry, you need to enable JavaScript to visit this website.

റോഡ് മാർഗം ലണ്ടനിലേക്ക് 

ലണ്ടനിലേക്ക് റോഡ് യാത്ര എങ്ങനെയിരിക്കും? ദൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര അഡ്വഞ്ചേഴ്‌സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. 70 ദിവസം കൊണ്ട് 18 രാജ്യങ്ങൾ കടന്നാണ്  ദൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്ര. ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഇങ്ങനെയൊരു കിടിലൻ യാത്രയുമായി വന്നിരിക്കുന്നത്. എന്തുതന്നെയായാലും സഞ്ചാരികളെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്. 70 ദിവസം, 18 രാജ്യങ്ങൾ, 20,000 കിലോമീറ്റർ ദൽഹിയിൽ നിന്നും യാത്ര ആരംഭിച്ച് 70 ദിവസം കൊണ്ട് 18 രാജ്യങ്ങൾ താണ്ടി ലണ്ടനിലെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ഏകദേശം 20,000 കിലോമീറ്ററാണ് യാത്രയിൽ പിന്നിടേണ്ടത്. ബസ് ടു ലണ്ടൻ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചൈനയും പോളണ്ടും ഫ്രാൻസുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നുപോകുന്നത്.

ഇന്ത്യ, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്റ്‌സ്, ബെൽജിയം, ഫ്രാൻസ് അവസാനം ഇംഗ്ലണ്ട് എന്നിവയാണ് യാത്രയിൽ ഉൾപ്പെടുന്നത്. മൂന്നര ലക്ഷം മുതൽ 15 ലക്ഷം വരെ ചെലവു വരുന്ന യാത്ര അടുത്ത മേയ് മാസത്തിലാണ്  തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. 70 ദിവസത്തെ യാത്രയ്ക്ക് 15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആകെ നാല് പാദങ്ങളാണ് യാത്രയ്ക്കുള്ളത്. ഇതിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കാവുന്ന രീതിയിലാണിത്. ഓരോ പാദങ്ങളനുസരിച്ച് മൂന്നര ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ചെലവ് വരിക. ഒന്നാം പാദത്തിൽ ഇന്ത്യയിൽ നിന്നും യാത്ര തുടങ്ങി മൂന്ന് രാജ്യങ്ങളാണുള്ളത്. ഇന്ത്യ, മ്യാൻമർ, തായ്‌ലൻഡ് എന്നിവയടങ്ങിയ ഒന്നാം പാദത്തിൽ 12 ദിവസമാണ് നീണ്ടു നിൽക്കുക. ഇതിന് 3,50,000 രൂപയാണ് ഈടാക്കുക. രണ്ടാം പാദത്തിൽ യാത്ര തുടങ്ങുക തായ്‌ലൻഡിൽ നിന്നുമാണ്. ഇവിടുന്ന് ലാവോസ് വഴി 16 ദിവസം കൊണ്ട് ചൈനയിലെത്തും.  4,25,000 രൂപയാണ് ചെലവ്. മൂന്നാം പാദം ചൈനയിൽ നിന്നും തുടങ്ങി കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഈ പാദത്തിൽ യാത്ര 22 ദിവസം നീളും. 4,95,000 രൂപ ചെലവ്.


അടുത്തതാണ് അവസാന പാദം. റഷ്യയിൽ നിന്നും 10 രാജ്യങ്ങൾ 16 ദിവസം കൊണ്ട് സഞ്ചരിച്ച് ബസ് യൂറോപ്പിലെത്തും. ഈ പാദത്തിന്റെ ചെലവ് 4,25,000 രൂപയാണ്. ഇങ്ങനെ താൽപര്യത്തിനും സമയത്തിനുമനുസരിച്ച് യാത്ര ചെയ്യാമെങ്കിലും ദൽഹിയിൽ നിന്നും ലണ്ടൻ വരെയുള്ള സഞ്ചാരികൾക്ക് ആണ് കമ്പനി മുൻഗണന നൽകുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന്  ആഗ്രഹിച്ച സ്ഥലങ്ങളാണ് ഈ യാത്രയിൽ കാണുവാൻ കഴിയുക. ചൈനയിലെ പാണ്ടകളും വൻമതിലും മ്യാൻമറിലെ പഗോഡകളും കസാക്കിസ്ഥാനിൽ കാസ്പിയൻ കടലും മോസ്‌കോ, വിൽനിയസ്, പ്രാഗ്, ബ്രസ്സൽസ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ സ്വപ്ന നഗരങ്ങളിലൂടെ വണ്ടി കടന്നു പോകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് യാത്രയായിരിക്കുമിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 20 പേർക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന തരത്തിലാണ് യാത്ര പ്ലാൻ ചെയ്യുന്നത്. ബിസിനസ് ക്ലാസ്  സീറ്റുകളാണ് ബസിനുള്ളത്. യാത്രക്കാരോടൊപ്പം ഡ്രൈവർ, അസിസ്റ്റന്റ് ഡ്രൈവർ, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. ഭക്ഷണം, താമസം തുടങ്ങിയവ മികച്ച സൗകര്യങ്ങളിലായിരിക്കും.  4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിലെ താമസവും ഏതു രാജ്യത്തു ചെന്നാലും കഴിക്കാൻ ഇന്ത്യൻ ഭക്ഷണവും യാത്രയിൽ ഉറപ്പാണ്. തിരിച്ചു വരാൻ ഇതേ റൂട്ടിൽ തന്നെ ബസ് സർവ്വീസും ഒരുക്കിയിട്ടുണ്ട്. എന്നാൽ അതിന് ഇത്രയും തന്നെ പണം മുടക്കേണ്ടി വരും.  ലോകത്ത് വിവിധ രാജ്യങ്ങളിൽ കൊറോണ കേസുകൾ നിലനിൽക്കുന്നതിനാൽ അതിനു ശേഷമേ യാത്രയുടെ രജിസ്‌ട്രേഷനും മറ്റു പരിപാടികളും ആരംഭിക്കുകയുള്ളൂ. യാത്രയ്ക്ക് ആവശ്യമായ വിസയും മറ്റു പേപ്പർ വർക്കുകളും നടത്തുവാൻ കമ്പനിയുടെ സഹായം ഉണ്ടായിരിക്കും. 

Latest News