ന്യൂദൽഹി- അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈംസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് പ്രകോപനപരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ചൈനയുടെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ വെടിയുതിർത്ത് ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി ഇന്ത്യൻ സൈന്യവും യഥാർഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്ന് ചൈനയും ആരോപിച്ചിരുന്നു.
ഇന്ത്യയുമായുള്ള യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യ തുടർച്ചയായി പ്രകോപനങ്ങളുണ്ടാക്കുന്നു. ഇത്തരം നീക്കങ്ങൾ തുടർന്നാൽ തീർച്ചയായും തിരിച്ചടിയുണ്ടാകും. ഇന്ത്യൻ ഭാഗത്ത് നിന്നും നിരന്തരം കരാർ ലംഘനങ്ങൾ തുടരുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.