അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ വെടിവെച്ചതായി ചൈന

ബീജിംഗ്- മൂന്നുമാസമായി സംഘര്‍ഷം തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉഭയകക്ഷി കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി ചൈന ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം. തിര്‍ത്തിയില്‍ സ്ഥിതി സാധാരണ നിലയിലാക്കാന്‍ ചൈനീസ് സൈനികര്‍ എതിര്‍ നടപടികള്‍ സ്വീകരിച്ചതായും  വെസ്‌റ്റേണ്‍ കമാന്‍ഡ് വക്താവ് ഴാങ് ഷൂയിലി ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

മുന്നറിയിപ്പ് നല്‍കുന്നതിനായി ഇന്ത്യന്‍  സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചൈന സ്വീകരിച്ച എതിര്‍ നടപടികള്‍ എന്താണെന്നോ
ചൈനീസ് സൈനികരും മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയിട്ടുണ്ടെന്നോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

പടിഞ്ഞാറന്‍ ഹിമാലയത്തിലൂടെ കടന്നുപോകുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ തോക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടെങ്കിലും ഏറ്റുമുട്ടലും വെടിവെപ്പും തടയാന്‍ ഈ പ്രോട്ടോക്കോള്‍ കരാര്‍ സഹായകമായിട്ടില്ല.

ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ 20  ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവഹാനിയുണ്ടായത്.  തുടര്‍ന്ന് ചൈനയും ഇന്ത്യയും അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

അപകടത്തിലേക്ക് നീങ്ങുന്ന നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നുവെന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നടത്തി വെടിവെപ്പ് നടത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് വക്താവ്  ഴാങ് പ്രസ്താവനയില്‍ പറഞ്ഞു. ചൈനയുടെ ആരോപണത്തോട് ബീജിംഗിലെ ഇന്ത്യന്‍ എംബസിയുടെ പ്രതികരണം അറിവായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News