ദുബായ്- കോവിഡിനെതിരെ സര്‍ക്കാര്‍, സ്വകാര്യ മേഖല ജീവനക്കാര്‍ കൈമെയ്മറന്ന് പോരാടുന്നതിനിടെ ഗവണ്‍മെന്റ് മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ശസ്ത്രക്രിയ ഗ്ലൗസുകള്‍ മോഷ്ടിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. 28 ബോക്സുകള്‍ അടങ്ങിയ ഗ്ലൗസുകളാണ് സര്‍ക്കാര്‍ ജീവനക്കാരനായ 43 കാരന്‍ മോഷ്ടിച്ചത്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു 8,400 ദിര്‍ഹം വിലമതിക്കുന്ന ബോക്സുകള്‍ ഇയാള്‍ കവര്‍ന്നത്. കേസില്‍ ദുബായ് കോടതി വാദം കേട്ടു.
പ്രശ്‌സതമായ ഒരു മെഡിക്കല്‍ വിതരണ കമ്പനിയുടെ ഉടമയുമായി ഗ്ലൗസ് ബോക്സുകള്‍ വില്‍ക്കുന്നതിന് പ്രതി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സംശയം തോന്നി, അധികൃതരെ വിവരമറിയിച്ച ഇവര്‍ പ്രതിയെ പിടികൂടാന്‍ കെണിയൊരുക്കുന്നതില്‍ പോലീസിനെ സഹായിക്കുകയായിരുന്നു.
2010 ലാണ് ഇയാള്‍ സ്റ്റോര്‍കീപ്പറായി ജോലിയില്‍ പ്രവേശിക്കുന്നത്. വിശ്വസ്തനായി അറിയപ്പെട്ടിരുന്ന പ്രതി തന്നെയാണ് സ്റ്റോറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നതെന്ന് സഹപ്രവര്‍ത്തകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സ്റ്റോര്‍കീപ്പറെ അറസ്റ്റ് ചെയ്ത ദുബായ് പോലീസ് മോഷണം പോയ ഗ്ലൗസ് ബോക്സുകള്‍ കണ്ടെടുത്തു. പ്രതിക്കെതിരെ വിശ്വാസവഞ്ചന നടത്തി പണം അപഹരിച്ചുവെന്ന കുറ്റമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപറ്റംബര്‍ 16 ന് കേസില്‍ കോടതി വിധി പുറപ്പെടുവിക്കും.