കുവൈത്ത് സിറ്റി- കുവൈത്തില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വന്‍ പ്രതിസന്ധിയില്‍. 32 രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് ഏജന്‍സികളെ ഗുരുതരമായി ബാധിച്ചത്. തൊഴിലാളികള്‍ ഏറെയെത്തുന്ന ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ നിരോധിത പട്ടികയില്‍ ഇടംപിടിച്ചതാണ് ഏജന്‍സികളെ തളര്‍ത്തിയത്.
കോവിഡ് മഹാമാരി മാത്രമല്ല നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും തൊഴിലാളികളെ കുവൈത്തില്‍ വീട്ടുജോലിക്കായി അയക്കേണ്ടതില്ല എന്ന ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ് തീരുമാനവും മേഖലയെ ബാധിച്ചതായി കുവൈത്തി ഫെഡറേഷന്‍ ഓഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് മേധാവി ഖാലിദ് അല്‍ദാഖാന്‍ പറയുന്നു.
കോവിഡിനെതിരെ ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂ പ്രഖ്യാപിച്ച രാഷ്ട്രമാണ് കുവൈത്ത്. മാര്‍ച്ച് 22 മുതല്‍ ഓഗസ്റ്റ് 30 വരെ ആയിരുന്നു നിരോധാജ്ഞ.
പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ചുള്ള സുപ്രീം കൗണ്‍സില്‍ നിര്‍ദേശം പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.






