യുപിയില്‍ മുന്‍ എംഎല്‍എയെ അടിച്ചുകൊന്നു

ലഖിംപൂര്‍- ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഭൂമിത്തര്‍ക്കത്തെ ചൊല്ലി മുന്‍ എല്‍എല്‍എ നിര്‍വേന്ദ്ര കുമാര്‍ മുന്നയെ ഏതാനും പേര്‍ ചേര്‍ന്ന് ലാത്തി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കോടതി പരിഗണനയിലിരിക്കുന്ന ഭൂമിത്തര്‍ക്കമാണ് കൊലയിലേക്കു നയിച്ചത്. ത്രികോലിയ പദുവ ബസ്റ്റാന്‍ഡിനടുത്തുള്ള ഭൂമി ഒരു സംഘം ആളുകള്‍ കയ്യേറുന്നത് തടയുന്നതിനിടെയാണ് നിര്‍വേന്ദ്ര കുമാറും മകന്‍ സഞ്്ജീവ് മിശ്രയും ക്രൂരമര്‍ദനത്തിനിരയായത്. കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലാത്തി ഉപയോഗിച്ച് നിര്‍വേന്ദ്രയേയും മകനേയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിര്‍വേന്ദ്ര കുമാര്‍ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തര്‍ക്ക ഭൂമി കയ്യേരാന്‍ നിരവധി ആളുകള്‍ ആുധങ്ങളുമായി എത്തിയിരുന്നെന്നും ഇവരാണ് ആക്രമണം നടത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ലഖിംപൂരില്‍ നിരവധി പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിര്‍വേന്ദ്രയുടെ മൃതദേഹവുമായി അനുയായികള്‍ റോഡ് ഉപരോധിച്ചു. 

1989ലും 1991ലും സ്വതന്ത്രനായും 1993ല്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലും മത്സരിച്ച് നിയമസഭയിലേക്കു ജയിച്ച നേതാവാണ്് 75കാരനായ നിര്‍വേന്ദ്ര കുമാര്‍.
 

Latest News