പുകവലി പ്രധാന വെല്ലുവിളി- ഡോ. ദിലീപ് രാജ്

ദോഹ- പുകവലിയും അനുബന്ധ പശ്‌നങ്ങളും ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളാണെന്നും ഇതിനെതിരെ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദിലീപ് രാജ് അഭിപ്രായപ്പെട്ടു.
 ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുമായി സഹകരിച്ച് മരിയറ്റ് മര്‍ക്കൂസ് ഹോട്ടല്‍ സംഘടിപ്പിച്ച ആന്റി സ്‌മോക്കിംഗ് ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് വര്‍ഷം തോറും 70 ലക്ഷത്തോളമാളുകള്‍ പുകവലിയും അനുബന്ധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മരണമടയുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യന് ശാരീരികമായും മാനസികമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പുകവലിക്കെതിരെ സാമൂഹ്യ കൂട്ടായ്മ രുപപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

http://malayalamnewsdaily.com/sites/default/files/2017/10/18/antismokingsocietyofficialswiththeworkshopparticipants.jpg

പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചവര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ക്കൊപ്പം.

 

പുകവലി വളരെ ഗുരുതരമായ സാമൂഹ്യ തിന്മയാണെങ്കിലും മനസ്സുവെച്ചാല്‍ നിര്‍ത്താന്‍ കഴിയുമെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശക്തമായ ബോധവല്‍ക്കരണ പരിപാടികളും നൂതന ചികിത്സാ രീതികളും പ്രയോജനപ്പെടുത്തി ആരോഗ്യ രംഗത്തെ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 ഡോ. സിജു ജേക്കബ് എബ്രഹാം, മന്‍സൂര്‍ അലി, ജംഷീദ് എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. കോര്‍ഡിനേറ്റര്‍മാരായ റഷീദ പുളിക്കല്‍, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍ മങ്കട, ജോജിന്‍ മാത്യൂ, ശരണ്‍ എസ് സുകു, സഅദ് അമാനുല്ല, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മരിയറ്റ് ഹോട്ടല്‍ നഴ്‌സ് മിഷല്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Latest News