ജോലിമാറ്റം ഖത്തറില്‍ ഇനിയത്ര എളുപ്പമല്ല

ദോഹ - പ്രൊബേഷന്‍ കഴിയുംമുമ്പ് ജോലി മാറണമെങ്കില്‍ തൊഴിലുടമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തറില്‍ പുതിയ വ്യവസ്ഥ നടപ്പാക്കുന്നു. മന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിക്കുകയും വേണം.

തൊഴിലുടമക്ക് ചെലവായ റിക്രൂട്ട്‌മെന്റ് ഫീസിന്റെയും വണ്‍വേ വിമാന ടിക്കറ്റിന്റെയും ഒരു ഭാഗം ജീവനക്കാരന്‍ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും ഇക്കാര്യത്തില്‍ ധാരണയിലെത്തണം. നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ രണ്ട്് മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആകാനും പാടില്ലെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമങ്ങളിലാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കി പുതിയ തൊഴില്‍ നിയമത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. നിയമം 6 മാസത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്.

 

Latest News