ലഖ്നൗ- ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ മോഷണം സംശയിച്ച് ആള്‍ക്കൂട്ടം പിടികൂടി മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ച യുവാവ് മരിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മരിച്ച 32കാരന് വാസിദ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. പ്രതികളെ ഉടന്‍ പിടികൂടമെന്നും പോലീസ് അറിയിച്ചു. ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് വസ്തുക്കള്‍ മോഷ്ടിക്കുന്നതിനിടെ രണ്ടു സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന യുവാവിനെ പിടികൂടുകയയാിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ രണ്ടു ജീവനക്കാരും പ്രദേശത്തുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്നാണ് യുവാവിന്റെ കൈകള്‍ മരത്തില്‍ കെട്ടിയിട്ടത്. ഇവര്‍ മര്‍ദിക്കുകയും ചെയ്തു. സഹായം തേടി യുവാവ് കരയുമ്പോള്‍ ചുറ്റും ആളുകള്‍ കൂടി നിന്ന് ചിരിക്കുകയും മൊബൈലില്‍ ഫോട്ടോയും വിഡിയോയും ഷൂട്ട് ചെയ്യുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. വസ്തുക്കള്‍ മോഷണം പോയവര്‍ സ്റ്റേഷനിലെത്തി വസ്തുക്കള്‍ തിരിച്ചു കിട്ടിയെന്ന് അറിയിക്കുകയും തങ്ങളുടെ അയല്‍ക്കാരനായതിനാല്‍ യുവാവിനെതിരെ കേസെടുക്കേണ്ടില്ലെന്ന് അറിയിച്ചിരുന്നതായും ബറേലി റൂറല്‍ എസ് പി സന്‍സാര്‍ സിങ് പറഞ്ഞു. മര്‍ദനമേറ്റ യുവാവിന് സാരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






