വോട്ട് നേടാന്‍ ഇന്ത്യയുമായുള്ള പ്രണയം ആവര്‍ത്തിച്ച് ട്രംപ്; മക്കളും ഇന്ത്യയെ സ്‌നേഹിക്കുന്നു

വാഷിംഗ്ടണ്‍- താനും കുടുംബവും ഇന്ത്യയെ സ്‌നേഹിക്കുന്നവരും പ്രധാനമന്ത്രി മോഡിയുടെ അടുത്ത സുഹൃത്തുക്കളുമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മകള്‍ ഇവാങ്കയും മകന്‍ ട്രംപ് ജൂനിയറും ഉപദേശക കിംബര്‍ലി ഗില്‍ഫോയ്‌ലും ഇന്ത്യയെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഇന്ത്യയുടെയും വൈറ്റ് ഹൗസിലെ ഇന്ത്യന്‍ അമേരിക്കക്കാരുടെയും എക്കാലത്തെയും മികച്ച സുഹൃത്തെന്നാണെന്നാണ് ട്രംപ് സ്വയം വിശേഷിപ്പിക്കാറുള്ളത്. ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കുടുംബത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍വഹിക്കുന്ന പ്രചാരണ ദൗത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ട്രംപ് ഇന്ത്യയുമായുള്ള സ്‌നേഹം ആവര്‍ത്തിച്ചത്.
തനിക്ക് ഇന്ത്യയെ അറിയാമെന്നും  നിങ്ങള്‍ പരാമര്‍ശിച്ച മൂന്ന് ചെറുപ്പക്കാര്‍ക്കും (കിംബര്‍ലി, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക)  ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള കിംബര്‍ലി, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക ട്രംപ് എന്നിവര്‍ ഇന്ത്യ-യുഎസ് ബന്ധത്തെ മുന്‍ നിര്‍ത്തി ട്രംപിനുവേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.  
ഞാനും അവര്‍ മൂവരും ഇന്ത്യയെ കുറിച്ചും നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചും ചിന്തിക്കുന്നവരാണ്- ട്രംപ് പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പില്‍, ട്രംപ് കുടുംബം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ വലിയ പ്രചാരണം നടത്തിയിരുന്നു.   വിര്‍ജീനിയ, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഇവാങ്ക ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, അദ്ദേഹത്തിന്റെ മറ്റൊരു മകന്‍ എറിക്, മരുമകള്‍ ലാറ ട്രംപ് എന്നിവര്‍ ഇന്ത്യന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്ചകളും ഹിന്ദു ക്ഷേത്രങ്ങളിലെ സന്ദര്‍ശനങ്ങളും വാര്‍ത്തകളില്‍ ഇടം പാടിച്ചിരുന്നു.

 

Latest News