ഇസ്രായിലില്‍നിന്ന് യു.എ.ഇയിലേക്ക് ചരക്കുവിമാനവും വരുന്നു

ദുബായ്- ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ ഗതിയിലായതിന് പിന്നാലെ, യു.എ.ഇയിലേക്ക് ചരക്കു വിമാനം പ്രഖ്യാപിച്ച് ഇസ്രായില്‍. സെപ്റ്റംബര്‍ 16 നാണ് എല്‍ അല്‍ ഇസ്രായില്‍ എയര്‍ലൈന്‍സിന്റെ ചരക്കുവിമാനം യു.എ.ഇയിലെത്തുക. ഓഗസ്റ്റ് 31ന് ചരിത്രത്തില്‍ ആദ്യമായി ആദ്യ യാത്രാ വിമാനം എത്തിയതിന് ശേഷമാണ് ഇസ്രായിലില്‍ നിന്ന് ചരക്കുവിമാനവും എത്തുന്നത്.
ബോയിംഗ് 747 വിമാനത്തിന്റെ ആദ്യ യാത്ര ബെല്‍ജിയത്തിലേക്കാണ്. അവിടെ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് തിരിക്കും. കാര്‍ഷിക-ഹൈടെക് ഉല്‍പ്പന്നങ്ങളാകും വിമാനത്തില്‍ ഉണ്ടാകുക. എല്ലാ ബുധനാഴ്ചയും ഇസ്രായിലില്‍ നിന്ന് പുറപ്പെടുന്ന വെള്ളിയാഴ്ച ദുബായില്‍ നിന്ന് തിരിച്ചു പോകും.
നേരത്തെ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. നയതന്ത്ര മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിപുല കൂടിക്കാഴ്ചയായിരുന്നു അത്. ഇസ്രായില്‍ ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 48 വര്‍ഷം നീണ്ട നിരോധനമാണ് ഈയിടെ യു.എ.ഇ എടുത്തു കളഞ്ഞിരുന്നത്. ഇരുരാഷ്ട്രങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കം വഴി തുറക്കും. യു.എ.ഇയില്‍ വ്യാപാരം തുടങ്ങാന്‍ ഇസ്രായില്‍ കമ്പനികള്‍ക്ക് ഇനി അനുമതിയുണ്ടാകും.

 

Latest News