Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

മഹാ പ്രതിഭകളുടെ ജീവിതങ്ങൾ കൂടി വായിക്കണം 

പ്രസിദ്ധ ഫ്രഞ്ച് ഭൗതികശാസ്ത്രകാരനും ഗണിതജ്ഞനുമായ ആൻഡ്രിയ മേരി ആമ്പിയറിനെ കുറിച്ച് വായിച്ച രസകരമായ ഒരനുഭവമുണ്ട്. വൈദ്യുത പ്രവാഹത്തെ സംബന്ധിച്ച വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയ അദ്ദേഹം പലപ്പോഴും ഗാഢമായ ചിന്തകളുടെ ലോകത്ത് വ്യവഹരിക്കുമ്പോൾ പല സാധാരണ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധിക്കാറില്ലായിരുന്നു. ഗണിത ശാസ്ത്രത്തിലെ ഒരു പ്രധാന പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചിന്തയിലാണ്ട് നടക്കുന്നതിനിടെ അദ്ദേഹം കീശയിൽ നിന്ന് ചോക്ക് വലിച്ചെടുത്ത് നിർത്തിയിട്ട ഒരു കുതിരവണ്ടിയുടെ പിൻഭാഗത്ത് അക്കങ്ങളും സമവാക്യങ്ങളും എഴുതി നിറച്ചുവത്രെ. താൻ പാട് പെട്ട് എഴുതി കൂട്ടിയ തന്റെ കണക്കുകളും ഉത്തരങ്ങളുമായി കുതിരവണ്ടി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നീങ്ങിപ്പോയെന്നും ആമ്പിയറിനത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നെന്നുമാണ് കഥ.


ജീവനില്ലാത്ത കുറെ ഒബ്ജക്ടീവ് ചോദ്യോത്തരങ്ങൾ പഠിച്ചാൽ പൊതു വിജ്ഞാനമായെന്ന് കരുതുന്നവർ, ലോകത്തിന് വലിയ വലിയ സംഭാവനകൾ നൽകിയ മഹാരഥൻമാരുടെ വ്യക്തി ജീവിതങ്ങളെ സൂക്ഷ്മമായി പഠിച്ചറിഞ്ഞാൽ ജീവിതത്തിലെ ചെറുതും വലുതുമായ പരീക്ഷകളെ കൂടി ജയിച്ചടക്കാൻ തക്ക പാഠങ്ങൾ വായിച്ചെടുക്കാൻ കഴിയുമെന്നറിയുക. 
ഒരുപാട് അമളികൾ പിണഞ്ഞതിന്റേയും വലിയ നഷ്ടങ്ങൾ ക്ഷമയോടെ നേരിട്ടതിന്റെയും പരാജയങ്ങൾ ഏറ്റുവാങ്ങിയതിന്റെയും ഹൃദയ വർജ്ജകമായ കഥകൾ അവരിൽ നിന്നും ഏറെ പഠിക്കാനുണ്ടാവും. തന്റെ ഡയമണ്ട് എന്ന് പേരുള്ള വളർത്തു പട്ടിയുടെ കുസൃതിക്കിടയിൽ തട്ടി വീണ മെഴുക് തിരിയിൽ നിന്ന് തീ പടർന്ന് ഒരു പാട് നാളത്തെ തന്റെ ഗവേഷണ ഫലങ്ങളുടെ രേഖകളും ഗ്രന്ഥശേഖരവും കത്തിച്ചാമ്പലായപ്പോൾ 
സർ ഐസക് ന്യൂട്ടൻ കാട്ടിയ ക്ഷമയെ കുറിച്ച് നമുക്കറിയാവുന്നതാണ്. പട്ടിയെ അയാൾ കുറ്റപ്പെടുത്തിയില്ല. തല്ലി ആട്ടിയോടിച്ചുമില്ല. 'നിനക്കറിയില്ലല്ലോ ഡയമണ്ട് നീ വരുത്തി കൂട്ടിയ നഷ്ടത്തിന്റെ വലിപ്പം' എന്ന് സൗമ്യമായി തുടർന്നുരിയാടിയ വാക്കുകളും നമ്മിൽ പലർക്കും മാതൃകയാണ്. 


നിക്കോളാ ടെസ്‌ലയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവണം. റേഡിയോ, ഇലക്ട്രിസിറ്റി, റൊബോട്ടിക്‌സ് എന്നീ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് കാരണക്കാരനായ , എന്നാൽ ശാസ്ത്ര ലോകത്തിലെ അധികം വാഴ്ത്തപ്പെടാത്ത ഒരു മഹാ പ്രതിഭയായിരുന്നു അദ്ദേഹം. എഡിസന്റെ ചില സുപ്രധാന കണ്ടു പിടുത്തങ്ങൾ പോലും ഒരു പക്ഷെ അദ്ദേഹത്തോട് കടപ്പെട്ടിട്ടുണ്ടെന്ന് വേണം പറയാൻ. ഇതൊക്കെയാണെങ്കിലും അദ്ദേഹം വലിയ അതിചിട്ട (വസ് വാസ് ) യുള്ള ആളായിരുന്നത്രെ. അഴുക്കിനോട് അയാൾക്ക് അതിരു കവിഞ്ഞ വിമ്മിട്ടമായിരുന്നു. ഓരോ നേരത്തെ ഭക്ഷണം കഴിക്കുന്നതിനും മുമ്പ് കൃത്യം പതിനെട്ട് നാപ്കിൻ പേപ്പറുകൾ ഉപയോഗിച്ച് അടുക്കള പാത്രങ്ങൾ അയാൾ തുടച്ച് തിളക്കമുള്ളതാക്കുമായിരുന്നു! 
ബാറ്ററിയുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാത്തതിനാൽ ഡോക്ടറൽ പരീക്ഷയിൽ പരാജയപ്പെട്ടയാളാണ് പ്രസിദ്ധ ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വെർണർ ഹൈസൻ ബർഗ് എന്ന് എത്ര പേർക്കറിയാം! അക്കങ്ങളുടെ ചരിത്രമന്വേഷിക്കുന്നവർക്ക് അൽ ജിബ്രയും അൽഗോരിതവുമൊക്കെ ലോകത്തിന് സമ്മാനിച്ച മുഹമ്മദ് ഇബ്ൻ മൂസ അൽ ഖവാരിസ്മിയുടെ ജീവചരിത്രത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്. 


രോഗശയ്യയിൽ നിന്നു പോലും അക്കങ്ങളുടെ അദ്ഭുതങ്ങളെ കുറിച്ച് വാചാലനായ ശ്രീനിവാസ രാമാനുജൻ എന്ന ലോകത്തെ വിസ്മയിപ്പിച്ച ഗണിതജ്ഞൻ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലെന്നതിനാൽ പല പരീക്ഷകളിലും പരാജയത്തിന്റെ കയ്പ് അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, ഗണിതത്തെ അത്ര മാത്രം നെഞ്ചേറ്റിയത് കൊണ്ട് ചില സ്‌കോളർഷിപ്പ് പരീക്ഷകളിൽ മറ്റ് വിഷയങ്ങളിൽ തോറ്റതിനാൽ അദ്ദേഹത്തിന് നാട് വിടേണ്ടി വന്നിട്ടുണ്ട്. കത്തെഴുത്തിലൂടെ പിൽക്കാലത്ത് പ്രഗൽഭ ഗണിത ശാസ്ത്ര കാരനായ ജി.എച്ച് ഹാർഡിയാണ് അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് കേംബ്രിജ് സർവ്വകലാശാലയിലേക്ക് നയിച്ചതും അസൂയാവഹമായ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും വഴിയൊരുക്കിയതും. 


ഭൗതികശാസ്ത്രവും ഗണിതവും പഠിപ്പിക്കാൻ പരിശീലനം സിദ്ധിച്ച ഐൻസ്റ്റീൻ അധ്യാപക ജോലി ലഭിക്കാതെയാണ് ഒടുവിൽ ഒരു പാറ്റൻറ് ഓഫീസിലെ അസിസ്റ്റന്റായി ജോലി നോക്കിയതെന്ന കഥ അധിക ആളുകളും അറിഞ്ഞിട്ടുണ്ടാവില്ല. കുട്ടിയായിരുന്ന ഐൻസ്റ്റീൻ സംസാരിക്കാൻ പഠിച്ചത് ഏറെ വൈകിയായിരുന്നു. അധികാര കേന്ദ്രങ്ങളോട് കലഹിക്കുന്ന പ്രകൃതമുള്ള വിദ്യാർത്ഥിയായിരുന്ന ഐൻസ്റ്റീൻ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. എന്തിനധികം പറയുന്നു. 'നീയൊന്നും ജീവിതത്തിൽ കുരുത്തം പിടിക്കില്ല' എന്ന കമന്റ് പോലും ഹെഡ്മാസ്റ്ററിൽ നിന്ന് അദ്ദേഹം കേട്ടിട്ടുണ്ട്. പതിനഞ്ച് വയസാവുന്നതിന് മുമ്പേ ഡിഫറൻഷ്യൽ ആൻഡ് 
ഇൻറഗ്രൽ കാൽകുലസ് പഠിച്ചെടുത്ത് അധീനപ്പെടുത്തിയ ആളാണെന്നോർക്കണം. പക്ഷെ , പതിനാറാം വയസ്സിൽ പോളിടെക്‌നിക് എൻട്രെൻസ് പരീക്ഷയിൽ തോറ്റു. എന്നാലോ, ഫിസിക്‌സിലും ഗണിതത്തിലും അത്യപൂർവ്വ പ്രകടനമായിരുന്നു. ലാബിൽ നടത്തിയതിനേക്കാൾ വലിയ പരീക്ഷണങ്ങൾ നടത്തിയ തലയായിരുന്നു ഐൻസ്റ്റീന്റേത്.


അദ്ദേഹത്തിന്റെ മരണശേഷം ഓട്ടോപ്‌സി നടത്തിയ പത്തോളജിസ്റ്റ് തോമസ് ഹാർവെ ആ മഹാപ്രതിഭയുടെ അപൂർവ്വമായ തലച്ചോറ്, അതിലെ രഹസ്യങ്ങളുടെ പൊരുൾ പഠിച്ചറിയാൻ പരീക്ഷണത്തിനായി മാറ്റിവെച്ചു. തുടർന്ന്, മകന്റെ അനുവാദം ലഭിച്ച ശേഷം അത് പരീക്ഷണത്തിന് വിധേയമാക്കി. ഐൻസ്റ്റിന്റെ തലച്ചോറിലെ , സ്ഥല സംബന്ധിയും ഗണിത സംബന്ധിയുമായ പരേറ്റൽ ലോബിൽ അസാധാരണമായ തരത്തിൽ അടരുകളുള്ളതായി കനേഡിയൻ ശാസത്രജ്ഞർ കണ്ടെത്തിയ വിവരം 1999ൽ അവർ പ്രസിദ്ധീകരിച്ചിരുന്നു. വയലിൻ വായന ഏറെ ഇഷ്ടപ്പെട്ട ഐൻസ്റ്റീൻ ക്ലാസിക്കൽ സംഗീതത്തിന്റെ വലിയ ആസ്വാദകനും കൂടിയായിരുന്നു എന്നറിയണം.


പ്രതിഭകളുടെ ജീവിതത്തിലെ വിസ്മയ വിന്യാസങ്ങൾ പഠിക്കുമ്പോൾ നാം അദ്ഭുത സ്തബ്ധരായി പോവുന്നത് അവർ വിജയം വരിച്ചതിനേക്കുറിച്ച് അറിയുമ്പോൾ മാത്രമല്ല, വെല്ലുവിളികളെ അടിപതറാതെ എങ്ങിനെ നേരിട്ടെന്നും പരാജയങ്ങളെ എങ്ങിനെ പടവുകളാക്കി ഉപയോഗപ്പെടുത്തി മുന്നേറിയെന്നും കൂടി അറിയുമ്പോഴാണ്.

Latest News