Sorry, you need to enable JavaScript to visit this website.

പൊണ്ണത്തടി ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ...

സൗന്ദര്യശാസ്ത്രത്തിന്റെ അഴകളവുകളാണ് നമ്മുടെ ജനറേഷന് ആശങ്കയിലാഴ്ത്തുന്നതെങ്കിലും  പൊണ്ണത്തടി കാരണം അനുഭവിക്കേണ്ടി വരുന്നത് ചില്ലറ പ്രശ്‌നങ്ങളല്ല. ശാരീരിക, മാനസിക ദുരിതങ്ങൾ തന്നെയാണ് നേരിടേണ്ടി വരുന്നത്. തന്റെ ശരീരം കാരണം പല സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവരാണ് പലരും. 
പുതിയ കാലത്ത് ജീവിത ശൈലി വിവിധ രോഗങ്ങൾക്ക് നമ്മെ അടിമയാക്കുകയാണ്. ഫാസ്റ്റ് ഫുഡും, കായികാധ്വാനം ഇല്ലായ്മയും നമ്മുടെ തലമുറയ്ക്ക് സമ്മാനിച്ച ദുരിതമാണ് വർധിച്ചുവരുന്ന  പൊണ്ണത്തടി. അമിതവണ്ണമുള്ളവർക്ക് ഭക്ഷണക്രമീകരണം മാത്രം മതി ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനെങ്കിൽ പൊണ്ണത്തടിക്കാർക്ക് ചികിത്സവരെ വേണമെന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്.  
കൊഴുപ്പിന്റെ അളവ് അപകടകരമായ വിധം ശരീരത്തിൽ വർധിക്കുന്നതിനെയാണ് പൊണ്ണത്തടി എന്ന് വിളിക്കുന്നത്.  പൊണ്ണത്തടിയന്മാരാണോയെന്ന് തീരുമാനിക്കുന്നത് ബോഡിമാസ് ആണ്. ഓരോരുത്തരുടെയും ബോഡിമാസ് ഇൻഡക്‌സ് 25നും 30നും ഇടയിലാണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്നും അതല്ല  30ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയാണെന്നും ഡോക്ടർമാർ പറയുന്നു. ഇത് അവനവന് തന്നെ അളക്കാവുന്നതാണ്. പൊണ്ണത്തടിയുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ ജീവിത രീതികളിൽ ക്രമീകരണം വരുത്തുന്നതും ഡോക്ടറെ സമീപിച്ച് ഉപദേശം തേടുന്നതും ഗുണം ചെയ്യും.
ഇത് തിരിച്ചറിയുന്നതിനായി പ്രധാനമായും ചില കാര്യങ്ങൾ നിർണയിക്കേണ്ടതുണ്ട്.
1. ബയോ കെമിക്കൽ അനാലിസിസ്(രക്തത്തിലെ കൊളസ്‌ട്രോൾ, ഗ്ലൂക്കോസ്, ട്രൈഗഌസറൈഡ)
2.ആന്ത്രോപൊമെട്രിക അനാലിസിസ് (ഭാരം,ഉയരം,കൊഴുപ്പിന്റെ അളവ് നിർണയം)
3.ഡയറ്റ് അസസ്‌മെന്റ്(ഭക്ഷണരീതി നിർണയം)
4.ക്ലിനിക്കൽ അസസ്‌മെന്റ്

ആദ്യത്തെ മൂന്ന് കാര്യങ്ങൾ നിർണയിച്ച ശേഷം ക്ലിനിക്കൽ അസസ്‌മെന്റിനായി ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇത് അനുസരിച്ചാണ് ഓരോരുത്തർക്കും ചികിത്സാ രീതി നിർണയിക്കുക. ഭക്ഷണക്രമീകരണങ്ങളും വ്യായാമവും ഒരുവിധം ഫലം ചെയ്യും.
1.ഭക്ഷണക്രമീകരണം: ഇന്നത്തെ തലമുറ തെറ്റിദ്ധരിച്ച ഒന്നാണ് ഡയറ്റ് അല്ലെങ്കിൽ ഭക്ഷണക്രമീകരണം എന്ന വാക്ക്. ഏതെങ്കിലും ഭക്ഷണ പദാർത്ഥം പൂർണമായും ഒഴിവാക്കുകയോ, പട്ടിണി കിടക്കുകയോ ചെയ്യുകയല്ല ഭക്ഷണക്രമീകരണം. കലോറി കുറഞ്ഞ ഭക്ഷണം നിശ്ചിത അളവിൽ കൃത്യമായി കഴിക്കുന്നതാണ് ഭക്ഷണക്രമീകരണം. കലോറി കൂടിയ ഭക്ഷണം പൊണ്ണത്തടിയ്ക്ക് കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ ശരാശരി ഒരു പുരുഷന് 1200-1500 കിലോ കലോറിയും,സ്ത്രീകൾക്ക് 1000-1200 വരെ കലോറിയുമുള്ള ഭക്ഷണമാണ് വേണ്ടത്. അന്നജവും കൊഴുപ്പും അടങ്ങിയ ഭക്ഷണത്തിനൊപ്പം എണ്ണയിൽ പൊരിച്ച വിഭവങ്ങൾ,പലഹാരങ്ങൾ,മധുരപലഹാരങ്ങൾ എന്നിവയും പൂർണമായും ഒഴിവാക്കേണ്ടതാണ്. ഫാസ്റ്റ് ഫുഡുകളിൽ നിയന്ത്രണം വേണം.
2. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കുക
3.വ്യായാമം:  ശരീരപ്രകൃതിക്കും ഭക്ഷണശീലങ്ങൾക്കും അനുസൃതമായി ഡോക്ടർമാർ നൽകുന്ന നിർദേശപ്രകാരം മാത്രമേ ഓരോരുത്തരുടെയും വ്യായാമ രീതി തീരുമാനിക്കാവൂ. പ്രധാനമായും മൂന്ന് തരത്തിലുള്ള വ്യായാമങ്ങളാണ് ഉള്ളത്
1.സ്ട്രങ്തനിംഗ് വ്യായാമം:ശരീര പേശികളുടെ ബലം കൂട്ടാനുപയോഗിക്കുന്ന പുഷ് അപ്, ഭാരദ്വഹനം തുടങ്ങിയവയൊക്കെ സ്‌ട്രെങ്തനിംഗ് വ്യായാമമാണ്. ഇത്തരം വ്യായാമം ചെയ്യുമ്പോൾ നമ്മുടെ എല്ലാ പേശികളും അതിൽ പങ്കെടുക്കുന്നതിനാൽ ഉപാപചയ പ്രവർത്തന നിരക്കിനെ ഇത് വർധിപ്പിക്കുന്നു.
2.ഫ്‌ളെക്‌സ്ബിലിറ്റി വ്യായാമം: 
ശരീരത്തിന്റെ ചലനങ്ങൾ ആയാസ രഹിതമാക്കാനുപയോഗിക്കുന്ന വ്യായാമമുറകളായ സ്‌ട്രെച്ചിംഗ് ,യോഗ എന്നിവയൊക്കെ ഫ്‌ളെക്‌സിബിലിറ്റി വ്യായാമങ്ങളാണ്. ശരീരത്തിലെ കൊഴുപ്പിനെ ദഹിപ്പിച്ച് ഭാരം കുറക്കുകയാണ് ഇത്തരം വ്യായാമങ്ങളിലൂടെ ചെയ്യുന്നത്. 
3. എയറോബിക് വ്യായാമം: എയറോബിക് വ്യായാമങ്ങളിൽ ഏറ്റവും പ്രധാനമായതും എളുപ്പത്തിലുള്ളതുമായ വ്യായാമം നടത്തമാണ്. പുലർ കാലത്ത് നടക്കുന്നതാണ് ഉചിതം. കൈകൾ ആഞ്ഞ് വീശി കാലുകൾ നീട്ടിവലിച്ച് വേഗത്തിലുള്ള ബ്രിസ്‌ക് വാക്കിംഗ് രീതിയാണ് വ്യായാമത്തിന്റെ ഫലം ചെയ്യുക. അമിത വേഗത്തിലോ വളരെ സാവധാനമോ നടക്കരുത്. ശരീരത്തിലെ പേശികൾ അയഞ്ഞു കിട്ടുന്നതിനായി തുടക്കത്തിൽ സാവധാനം നടക്കാം. പിന്നീട് വേഗത കൂട്ടുക. വേഗത കുറച്ച് അവസാനിപ്പിക്കുകയുമാവാം. ഓട്ടം, സൈകഌംഗ്, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളിലും ഇതേ രീതി തന്നെ പിന്തുടരുന്നതാണ് ഉത്തമം.
ട്രെഡ്മിൽ, സ്‌റ്റേഷണറി സൈക്കിൾ, റോയിംഗ് മെഷീൻ, സകീയിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ചും എയറോബിക് വ്യായാമങ്ങൾ ചെയ്യാം.  

എന്നാൽ ഈ രീതികളൊന്നും ഫലം കാണാത്തവരിൽ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുന്നു. വിവിധ തരം ശസ്ത്രക്രിയകൾ
അബ്ഡമിനോപ്ലാസ്റ്റി,ലൈപോസക്ഷൻ,ബോഡി കണ്ടക്ടർ, ബാരിയാട്രിക് ,വെർട്ടിക്കൽ ബാൻഡഡ് ഗ്യാസ്‌ട്രോപ്ലാസ്റ്റി,അഡ്ജസ്റ്റബിൾ ഗ്യാസ്‌ട്രോ ബാൻഡിംഗ്, റൂ.എൻ.വൈ ഗ്യാസ്ട്രിക് ബൈപാസ് സർജറി ,ഡുവോഡിനൽ സ്വിച്ച് എന്നിവയാണ് അവ. ശസ്ത്രക്രിയ കൂടാതെ മരുന്നുകളും പൊണ്ണത്തടി കുറയ്ക്കാനായി നിർദേശിക്കാറുണ്ട്.

 

Latest News