തിരുവനന്തപുരം- മാറനല്ലരിൽ ഒൻപതു വയസുകാരനായ മകനെ കഴുത്തുഞെരിച്ചു കൊന്ന ശേഷം സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. സലീം എന്നയാളാണ് മകൻ ആഷ്‌ലിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെ സഹോദരി ഭക്ഷണവുമായി വന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. ആഷ്‌ലിനെ കിടപ്പുമുറിയിലെ കട്ടിലിലും സലീമിനെ അടുക്കളക്ക് സമീപം ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ആദ്യബന്ധത്തിലെ മകനാണ് ആഷ്‌ലിൻ. സർക്കാർ ഉദ്യോഗസ്ഥയായ ആദ്യഭാര്യ മരിച്ചതിന് ശേഷം ആശ്രിത നിയമനത്തിലൂടെയാണ് സലീമിന് സർക്കാർ ജോലി ലഭിച്ചത്. രണ്ടാമത് വിവാഹം ചെയ്‌തെങ്കിലും അവരുമായി സലീം പിണങ്ങിക്കഴിയുകയായിരുന്നു. പതിനാല് ദിവസം മുമ്പ് മൂന്നാമതും വിവാഹം ചെയ്‌തെങ്കിലും അവരും പിണങ്ങിപ്പോയി. വികാസ് ഭവനിലെ വ്യവസായ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് സലീം. കണ്ടല സ്‌കൂൾ വിദ്യാർഥിയാണ് ആഷ്‌ലിൻ.






