കുവൈത്ത് സിറ്റി- ഇന്ത്യ അടക്കം കോവിഡ് രൂക്ഷമായി ബാധിച്ച രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഒഴിവാക്കേണ്ടതില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഇന്ത്യയില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്.
32 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസ്സമില്ല. നാട്ടില്‍ കുടുങ്ങിയ വിദേശികളില്‍ ചിലര്‍ ദുബായ് വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഈ മാര്‍ഗം തെരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്. 14 ദിവസം താമസിച്ച ശേഷം നോ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങളില്‍നിന്നു നേരിട്ട് വരുന്നവര്‍ക്കായിരുന്നു കുവൈത്ത് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ടു തവണയായി 23 രാജ്യങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു.