ബെയ്ജിങ്- ചൈന വിക്ഷേപിച്ച ടിയാങോംഗ് വണ്‍ എന്ന ബഹിരാകാശ ലാബ് അടങ്ങുന്ന പേടകം വൈകാതെ ഭൂമിയില്‍ പതിക്കും. 2011ല്‍ വിക്ഷേപിച്ച ഈ പേടകത്തിന് എട്ടര ടണ്‍ ഭാരമുണ്ട്. 2016ല്‍ ബഹിരാകാശ നിലയത്തിന്റെ മാതൃകയിലുള്ള ഈ പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടതായും ഭൂമിയിലേക്കു പതിക്കുമെന്നും ചൈനീസ് ബഹിരാകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹിരാകാശത്ത് എവിടെയാണെന്ന് തിരിച്ചറിയപ്പെടാതെ പോയ ഈ പേടകം ഭൂമിയില്‍ എവിടെ പതിക്കുമെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിക്കാം എന്ന സ്ഥിതിയാണുള്ളത്.
2017 ഒക്ടോബറിനും 2018 ഏപ്രിലിനുമിടയിലായി ഈ പേടകം ഭൂമിയില്‍ തിരിച്ചെത്തുമെന്ന് ചൈനീസ് അധികൃതര്‍ യു.എന്നിനെ അഞ്ചു മാസം മുമ്പ് അറിയിച്ചിരുന്നു. 34 അടി നീളമുള്ള ഈ ബഹിരാകാശ നിലയത്തിന്റെ വലിയൊരു ശതമാനവും ഭൂമിയിലേക്കുള്ള പുനപ്രവേശനത്തിനിടെ കത്തിച്ചാമ്പലാകും. അതേസമയം നൂറു കിലോ വരെ ഭാരമുള്ള അവശിഷ്ടങ്ങള്‍ ഭൗമോപരിതലത്തില്‍ പതിക്കാനിടയുണ്ടെന്ന് ബഹിരാകാശ വിദഗ്ധനായ ജോനാഥന്‍ മക്ഡവല്‍ പറയുന്നു.
എന്നാല്‍ ഭൂമിയില്‍ ഇതെവിടെ വീഴും എന്നതു സംബന്ധിച്ച് ഊഹിക്കാന്‍ മാത്രമെ കഴിയൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ക്ക് പോലും ചിലപ്പോള്‍ ഈ പേടകാവശിഷ്ടങ്ങളുടെ വീഴ്ച ഒരു ഭൂഖണ്ഡത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയുമെന്ന് മക്ഡവല്‍ പറയുന്നു.
ബഹിരാകാശ പേടങ്ങള്‍ തിരിച്ചു ഭൂമിയിലേക്കു തന്നെ വീഴുന്നത് അപൂര്‍വമാണെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ സംഭവിട്ടിട്ടുണ്ട്. സോവിയറ്റ് സല്യൂട്ടി സെവന്‍ എന്ന ബഹിരാകാശ പേടകം 1991 ലാണ് തകര്‍ന്നു വീണ് ഭൂമിയില്‍ പതിച്ചത്.
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ സ്‌കൈ ലാബ് 1979ല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും വീണിരുന്നു.
ടിയാങോംഗ് വണ്‍ എന്ന പേടകത്തിന്റെ വിക്ഷേപണം ചൈനയുടെ അഭിമാന നേട്ടങ്ങളിലൊന്നായിരുന്നു. നാസയെ പോലെ 2020 ഓടെ ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഈ പേടകം വിക്ഷേപിക്കപ്പെട്ടത്. ആറുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം നിയന്ത്രണം നഷ്ടമായ ഈ പേടകത്തിനു പകരം ടിയാങോംഗ് 2 എന്ന മറ്റൊരു പേടകവും ചൈന 2016 സെപ്റ്റംബറില്‍ വിക്ഷേപിച്ചിരുന്നു.