Sorry, you need to enable JavaScript to visit this website.

വിവിധ പരീക്ഷകളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം  പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി-രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ക്രമീകരിക്കേണ്ടത്.
നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കരുത്. കണ്ടൈന്‍മെന്റ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്‌കൂള്‍ പരിസരത്ത് തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഐഐടി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇക്ക് ഇന്നലെ തുടക്കമായിരുന്നു.
ഈ മാസം ആറ് വരെയാണ് പരീക്ഷ നടക്കുക. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നാണ് നടക്കുക. വിദ്യാര്‍ത്ഥികളുടെ കരിയര്‍ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടി നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) മെഡിക്കല്‍ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
കേരളത്തിലുള്‍പ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്നത്. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹര്‍ജി എത്തിയിരുന്നു.
 

Latest News