Sorry, you need to enable JavaScript to visit this website.

അവളുടെ തിരോധാനം

മൂന്നു ദിവസമായിട്ടും അവളെ കാണാത്ത മാനസിക പ്രയാസത്തിലാണ് മൽബു. റൂമിലുള്ളവർ കളിയാക്കി തുടങ്ങിയിട്ടുണ്ട്. 
അവൾ പോയെങ്കിൽ പോയ വഴിക്ക് പോകട്ടേന്നു വെക്കണം. ഓടിപ്പോയിരിക്കുന്നത് മൽബി ഒന്നുമല്ലല്ലോ..ഫഌറ്റിൽ പുതുതായി താമസിക്കാനെത്തിയ നാണിയെന്ന നസീർ പറഞ്ഞു.
അവർക്കൊക്കെ എന്തും പറയാം. രണ്ടു മൂന്ന് വർഷമായി ഓഫ് ദിവസങ്ങളിലല്ലാതെ എല്ലാ ദിവസവും കാണുകയും അൽപനേരമെങ്കിലും കുശലം പറയുകയും ചെയ്തിരുന്നവളാണ്. നാടും വീടുമറിയില്ലെങ്കിലും മുല്ലയെന്ന പഴയ ക്ലാസ്മേറ്റിന്റെ പേരു നൽകിയാണ് മൽബു അവളെ വിളിച്ചിരുന്നത്. 
ഓഫീസിലേക്കുള്ള യാത്രയിൽ കാർ ഇറങ്ങുമ്പോഴേക്കും മുല്ല കാത്തിരിപ്പുണ്ടാകും. പിന്നെ ഓഫീസ് വരെ കൂടെയുള്ള നടത്തമാണ്. കോവിഡ് പൊട്ടിപ്പുറപ്പെടുകയും ഓഫീസ് പൂട്ടി എല്ലാവരും ജോലി വീടുകളിലേക്ക് മാറുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് അവളോടൊത്തുള്ള കിന്നാരം ഓഫീസിലെ ചിലർ കണ്ടുപിടിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു. 
കോവിഡിനെ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ഒരു സുഡാനിയാണ് കാര്യമായി കുഴപ്പമുണ്ടാക്കിയിരുന്നത്. പൊതുവെ അയാൾക്ക് മലയാളികളെ ഇഷ്ടമാണെങ്കിലും മൽബുവിന്റെ ഈ ചെയ്തി ഒട്ടും ഇഷ്ടമായിരുന്നില്ല. മനസ്സിലിരിപ്പ് എന്താണെന്നറിയില്ല, പുറമെ അയാൾക്ക് രോഗത്തെയും രോഗികളെയും ഏറെ ഭയമായിരുന്നു.
ആറു മാസത്തെ കോവിഡ് ഇടവേളക്കു ശേഷമാണ് മൽബു ഓഫീസിലേക്ക് പോയിത്തുടങ്ങിയത്. മാസങ്ങൾ നീണ്ട വീട്ടലിരിപ്പ് മനസ്സിലും ശരീരത്തിലും ആകെ മാറ്റം വരുത്തിയിരുന്നു. ഒരു തരം മരവിപ്പ്. അപ്രതീക്ഷിതമായുണ്ടായ അടച്ചിടൽ പ്രകൃതിയിൽ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്, പിന്നെയാണോ മൽബു?
തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മെലിഞ്ഞുണങ്ങിയിട്ടുണ്ടെന്നാണ് റൂമിലുള്ളവരുടെ കണ്ടുപിടിത്തം. കോവിഡിനെ ഭയപ്പെടാതിരിക്കുകയാണ് മുഖ്യമെന്ന് മറ്റുള്ളവരോട് പറയാറുണ്ടെങ്കിലും മൽബു പള്ളിയിലേക്ക് പോലും ഇറങ്ങാറില്ലായിരുന്നു. ഇനി അഥവാ പോയാൽ തന്നെ നിസ്‌കരിക്കുക, ഇറങ്ങി ഓടുക ഇതായിരുന്നു രീതി. ചിലരൊക്കെ തടഞ്ഞുനിർത്താൻ ശ്രമിക്കാറുണ്ടെങ്കിലും പിടികൊടുക്കാറില്ല. 
ഓഫീസിലേക്കുള്ള യാത്രയിൽ അവളെ കാണുമെന്ന് തീർച്ചയായും പ്രതീക്ഷിച്ചതായിരുന്നു.  അവർക്കിടയിലുമുണ്ടാക്കിയിട്ടുണ്ട് ആറു മാസത്തെ ഇടവേള. ഓഫീസ് പൂട്ടിയാലും അതിനിടയിലൊന്ന് പോയി നോക്കിക്കൂടാരുന്നോ എന്നു ചോദിക്കുന്നവരുണ്ടാകും. എല്ലാവരെയും പോലെ ഭയം തന്നെയായിരുന്നു കാരണം. സുഡാനി താക്കീത് ചെയ്തതു പോലെ, അവളിൽനിന്ന് കൊറോണ വന്നാലോ.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
കൊറോണക്കു മുമ്പ് നൽകിയതു പോലുള്ള സമ്മാനവുമായല്ല അവളെ കാണാനുള്ള ആദ്യ യാത്ര.
മാസ്‌കും കൈയുറയും ധരിച്ചാലും അതൊന്നും സുരക്ഷതമായിരിക്കില്ലെന്ന സുഹൃത്തുക്കളുടെ മുന്നറിയിപ്പ് കാരണം സാധാരണ സമ്മാനങ്ങൾ ഒഴിവാക്കി കടയിൽ പോയി പ്രത്യേക സമ്മാനം വാങ്ങി. കൊച്ചു മീനുകളുടെ രൂപത്തിലുള്ള സമ്മാനം. 
സാധാരണ ഓഫീസിനടുത്ത് കാർ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് അവൾ കാത്തു നിൽക്കാറുള്ളത്. വേറെ ചിലർ ഹാജരുണ്ടെങ്കിലും അവളെ കാണാനില്ലായിരുന്നു. വരുന്ന കാര്യം അറിയിച്ചിരുന്നില്ലല്ലോ. അതുകൊണ്ട് വേറെ എവിടെയങ്കിലും പോയിക്കാണുമെന്നു കരുതി. സമ്മാനം ബാഗിൽ തന്നെ സൂക്ഷിച്ച് അടുത്ത രണ്ടു ദിവസവും പ്രതീക്ഷയോടെ നോക്കിയെങ്കിലും കണ്ടില്ല.
നാലാം ദിവസം കുറച്ചു നേരത്തെ ഓഫീസിൽ എത്തിയതിനാൽ സമീപത്തൊക്കെ അന്വേഷിക്കാമെന്നു കരുതി. അവളുടെ ചങ്ങാതിമാർ ചുറ്റിപ്പറ്റി നിൽക്കാറുള്ള സ്ഥലത്തൊക്കെ നോക്കി. മൽബു മുല്ലയെ അന്വേഷിക്കുന്നുണ്ടെന്ന്് മനസ്സിലാക്കിയോ എന്തോ കൂട്ടത്തിലൊരാൾ റോഡ് മുറിച്ചു കടന്നു. 
പ്രാവുകൾ ധാരാളമായി പറന്നിറങ്ങുന്ന സ്ഥലമാണ്. കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം കൂട്ടത്തോടെ പറക്കുന്ന കാഴ്ച കാണുകയും മൊബൈലിൽ പകർത്തുകയും ചെയ്യുന്ന സ്ഥലം. ഇവിടത്തെ പ്രാവുകൾക്ക് ഭക്ഷണമെത്തിക്കാൻ ഉത്സാഹിക്കുന്ന ഒരു നാട്ടുകാരനെ പതിവായി കാണാറുണ്ട്. 
മനുഷ്യർക്ക് മാത്രമല്ല, പ്രവാസിയുടെ അനുകമ്പയും സഹായവും അനുഭവിക്കാനുള്ള ഭാഗ്യം. സ്വന്തം ശമ്പളം കുടിശ്ശികയാണെങ്കിലും മറ്റുള്ളവരുടെ സങ്കടങ്ങളെ കുറിച്ചുള്ള വീഡിയോകളും മറ്റും കാണുമ്പോൾ മറ്റൊന്നും അവർ ആലോചിക്കാറില്ല. 
പ്രാവുകൾക്കായി  ഈ വട്ടപ്പാത്രത്തിൽ വെള്ളം നിറക്കുന്നതു പോലെ ബാങ്ക് അക്കൗണ്ടുകൾ നിറയ്ക്കും. 
ചികിത്സക്കും കൂടൊരുക്കാനും ആവശ്യമായ പണമായി ഇനി വേണ്ടെന്ന പുതിയ വീഡിയോ കാണും വരെ അതു തുടരും. നാട്ടിൽ തണൽമരങ്ങളുടെ വളർച്ചയ്ക്ക് മരുഭൂമിയിൽനിന്നാണ് വെള്ളവും വളവും കൂടുതൽ. കാരുണ്യത്തിന്റെ നീരുറവകൾ.
ധാന്യങ്ങൾ കൊത്തിത്തിന്നും ഇണ ചേർന്നും അർമാദിക്കുന്ന പ്രാവുകൾക്കപ്പുറം കടന്നപ്പോൾ മൽബു മുല്ലയെ കണ്ടെത്തി. മൽബുവിനെ കണ്ടിട്ടാണോ എന്നറിയില്ല, മുല്ല അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. 
അവസാനം ഒരു കാറിനടിയിൽ പതുങ്ങിയപ്പോഴാണ് മൽബു ആ കാഴ്ച കണ്ടത്. 
മുല്ല ഒരു കുഞ്ഞി പ്രാവിനെ കടിച്ചുപിടിച്ചിരിക്കുന്നു. ശൂ ശൂ എന്ന് ശബ്ദമുണ്ടാക്കിയപ്പോൾ പ്രാവിനെ ഉപേക്ഷിച്ച് മുല്ല മുന്നോട്ടു പാഞ്ഞു. പാതി ചത്തു കഴിഞ്ഞിരുന്ന പ്രാവിനെ നോക്കി അവൾ ദൂരെ മാറി നിൽപാണ്. എത്ര വിളിച്ചിട്ടും അവൾ അടുത്തു വന്നില്ല. കൊണ്ടുവന്ന സമ്മാനം അവിടെ വിതറി കാത്തിരുന്നിട്ടും ഫലുണ്ടായിരുന്നില്ല. 
കൊണ്ടുവരുന്ന പൊതികൾക്കായി കാത്തിരിക്കുമായിരുന്ന പൂച്ചയിലും കോവിഡ് വരുത്തിയ മാറ്റങ്ങളെ കുറിച്ച് ആലോചിച്ചുകൊണ്ട് മൽബു തിരിഞ്ഞു നടന്നപ്പോൾ മുല്ല വീണ്ടും പാതി ചത്ത പ്രാവിനടുത്തേക്ക് വരുന്നതാണ് കണ്ടത്. 
മീനിന്റെ രൂപമുള്ള കാറ്റ്ഫ്ളേക്ക് അവൾ കണ്ടതായി പോലും ഭാവിച്ചില്ല. കോവിഡ് അവളെ ഒരു കൊലപാതകിയാക്കിയെന്നേ പറയാൻ പറ്റൂ.

Latest News