Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ മറവില്‍ ജനാധിപത്യത്തെ കൊല്ലുന്നു; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി എം.പിമാര്‍

ന്യൂദല്‍ഹി-  ഈ മാസം 14 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍  ചോദ്യാത്തര വേള റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാര്‍.


കോവിഡ് പശ്ചാത്തലത്തില്‍  ലോക്‌സഭയും രാജ്യസഭയും വെവ്വേറ സമയങ്ങളിലാണ് ഇത്തവണ ചേരുന്നത്.  സാമൂഹിക അകലം ഉറപ്പുവരുത്തി എം.പിമാര്‍ക്ക് ഇരിപ്പിടം ഏര്‍പ്പെടുത്തും.  ആദ്യ ദിവസം രാവിലെ  ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഒക്ടോബര്‍ ഒന്നു വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴുവരെയുമാണ്   ലോക്‌സഭ ചേരുക.  രാജ്യസഭ ആദ്യ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴു വരെയും ബാക്കി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും സമ്മേളിക്കും. വാരാന്ത്യങ്ങളും പ്രവൃത്തി ദിവസമായിരിക്കും.
എം.പിമാര്‍ക്ക് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകില്ല. പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ശൂന്യവേള ഉണ്ടാകുമെങ്കിലും അത് അര മണിക്കൂര്‍ മാത്രമായിരിക്കും. സാധാരണ ഇത് ഒരു മണിക്കൂറാണ്.
സഭയിലെ ആദ്യ മണിക്കൂറാണ് അംഗങ്ങള്‍ക്ക് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ചോദ്യോത്തര വേള. ഇതാണ് കോവിഡ് പശ്ചാത്തലത്തില്‍ ചേരുന്ന സമ്മേളനമായതിനാല്‍ ഒഴിവാക്കിയിരിക്കുന്നത്.
ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനുള്ള ഒഴികഴിവായാണ് പകര്‍ച്ചവ്യാധിയെ ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നുള്ള രാജ്യസഭാ അംഗം ഡെറക് ഒബ്രിയന്‍ ആരോപിച്ചു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയ്ക്കായി എംപിമാര്‍ 15 ദിവസം മുമ്പ് ചോദ്യങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സമ്മേളനം സെപ്റ്റംബര്‍ 14 ന് ആരംഭിക്കുകായണ്. അതിനാല്‍ ചോദ്യോത്തര വേള റദ്ദാക്കിയിരിക്കയാണ്. പതിപക്ഷ എംപിമാര്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശമാണ് നഷ്ടപ്പെടുന്നത്. 1950 ന് ശേഷം ആദ്യമായാണ് ഇതെന്നും ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ പകര്‍ച്ച വ്യാധിയെ കാരണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ 50 ശതമാനം സമയം സര്‍ക്കാരിനും 50 ശതമാനം സമയം പ്രതിപക്ഷത്തിനുമുള്ളതാണ്. ജനങ്ങളുടെ പാര്‍ലമെന്റിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഓക്‌സിജനാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. ജനാധിപത്യത്തെയും വിയോജിപ്പിനെയും തടയാന്‍ പകര്‍ച്ച വ്യാധിയെ മറയാക്കുമെന്ന് നാലുമാസം മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുള്ള വിജ്ഞാപനം ചോദ്യോത്തര വേളയില്ലന്ന് വ്യക്തമാക്കിയിരിക്കയാണ്. ഞങ്ങളെ സുരക്ഷിതരാക്കുന്നതിന്റെ പേരില്‍ ഇത് എങ്ങനെ ന്യായീകരിക്കാനാകും- തരൂര്‍ ചോദിച്ചു.  

 

 

Latest News