ദുബായ്- മദ്യപിച്ച് തെരുവില്‍ നഗ്നനായി നടക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഈജിപ്ഷ്യന്‍ പൗരന് ദുബായ് കോടതിയില്‍ വിചാരണ. കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ മുറാഖബാത്ത് ഏരിയയില്‍ 23 കാരനായ വിദേശി യുവാവ് പ്രകോപനം സൃഷ്ടിക്കുന്ന വാര്‍ത്ത കേട്ട് സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അജ്ഞാതരായ ഒരു സംഘമാളുകള്‍ തന്നെ ആക്രമിക്കുകയും 2000 ദിര്‍ഹം അപഹരിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാള്‍ ബഹളമുണ്ടാക്കിയത്.
പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുന്നില്‍ ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരെ ഇയാള്‍ വലിച്ചിഴക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ വലതു കാല്‍മുട്ടിന് സാരമായ പരിക്കേറ്റു.
തങ്ങള്‍ യുവാവിനെ പിടികൂടി കൈകള്‍ കെട്ടിയതിന് ശേഷം ഇയാളുടെ നാട്ടുകാരന്‍ വന്നാണ് വസ്ത്രം ധരിപ്പിക്കാന്‍ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 15ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.