ഇസ്രായില്‍-യു.എസ് സംഘം യു.എ.ഇയില്‍നിന്നു മടങ്ങി

അബുദാബി- ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആക്കാനുള്ള തീരുമാനത്തിന് ശക്തി പകര്‍ന്ന് ഇസ്രായില്‍-യു.എസ് സംഘം യു.എ.ഇയില്‍ നിന്നു മടങ്ങി. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് സംഘം തുടക്കം കുറിച്ചു. നയതന്ത്ര മേഖലയില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ധനസേവന സഹകരണത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇസ്രായില്‍ വ്യക്തമാക്കി. നേരത്തെ, ഇസ്രായില്‍ ചരക്കുകള്‍ക്കുള്ള നിരോധനം യു.എ.ഇ എടുത്തു കളഞ്ഞിരുന്നു. 48 വര്‍ഷത്തെ നിരോധമാണ് കഴിഞ്ഞയാഴ്ച നീക്കിയത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കം വഴി തുറക്കുക. യു.എ.ഇയില്‍ വ്യാപാരം തുടങ്ങാന്‍ ഇസ്രായില്‍ കമ്പനിക്ക് അനുമതി നല്‍കുകയും ചെയ്യും.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച അബുദാബിയില്‍ വിമാനമിറങ്ങിയത്.

 

Latest News