തമിഴ്‌നാട്ടില്‍ മോഡി ഇഡ്ഡലിയുമായി ബി.ജെ.പി; നാലെണ്ണത്തിന് 10 രൂപ

കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി മോഡി ഇഡ്ഡലിയുമായി ബി.ജെ.പി.

കുറഞ്ഞ വിലയ്ക്ക് ഇഡ്ഡലി ലഭ്യമാക്കുന്നതിലൂടെ വോട്ട് വാരാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. മുഖ്യമന്ത്രിയുടെ സ്വദേശമായ സേലത്താണ് തുടക്കത്തില്‍ ഇഡ്ഡലി വില്‍പന  ആരംഭിക്കുന്നത്.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷാണ് മോഡി ഇഡ്ഡലി ആശയത്തിനു പിന്നില്‍.

നാല് ഇഡ്ഡലികള്‍ അടങ്ങിയ ഒരു സെറ്റ് മോഡി ഇഡ്ഡലിക്ക് പത്ത് രൂപയാണ് വില. മോഡിയുടേയും മഹേഷിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ ഇഡ്ഡലി ഫ് ളക്‌സ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

താമര വീരന്‍ മഹേഷ് പുറത്തിറക്കുന്ന നാല് മോഡി ഇഡ്ഡലിക്കും സാമ്പാറിനും പത്ത് രൂപയെന്നാണ് ബോര്‍ഡിലുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെ സ്വദേശമായ സേലത്ത് ദിവസം 40,000 ഇഡ്ഡലികള്‍ വില്‍ക്കാനാണ് പദ്ധതി. സംസ്ഥാനത്തെ 22 സ്ഥലങ്ങളില്‍ കൂടി ഇത്തരത്തില്‍ ഇഡ്ഡലി വില്‍പന ആരംഭിക്കുമെന്ന് ബി.ജെ.പി തമിഴ്‌നാട് സെക്രട്ടറി ആര്‍.ബാലസുബ്രഹ്്മണ്യം പറഞ്ഞു.

 

Latest News