റിയാദ് - രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സക്കാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ 865 നിയമ ലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞയാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ 3609 ഫീൽഡ് സന്ദർശനങ്ങളാണ് അതോറിറ്റി സംഘങ്ങൾ നടത്തിയത്. ചില്ലറ വ്യാപാര കേന്ദ്രങ്ങളും റസ്റ്റോറന്റുകളും അടക്കമുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചില സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. കഴിഞ്ഞയാഴ്ച ഉപയോക്താക്കളിൽ നിന്ന് 646 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്.
നികുതി ഇൻവോയ്സുകൾ സൂക്ഷിക്കാതിരിക്കൽ, പുകയില ഉൽപന്നങ്ങളിൽ നികുതി സീലുകൾ ഇല്ലാതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. നികുതി നിയമ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ രണ്ടര ശതമാനം പാരിതോഷികമായി കൈമാറും. ചുരുങ്ങിയത് ആയിരം റിയാൽ മുതൽ പരമാവധി പത്തു ലക്ഷം റിയാൽ വരെയാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക.