തിരുവനന്തപുരം- 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി വരവേല്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് നല്‍കുമെന്നും നൂറ് ദിവസത്തിനുള്ളില്‍ ലാപ്ടോപ്പ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ് അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപുകള് നല്‍കുന്നത്.
500 ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ കിഫ്ബി സഹായത്തോടെ കെട്ടിടനിര്‍മാണം നടക്കുന്നുണ്ട്. അഞ്ച് കോടി രൂപവീതം മുടക്കി നിര്‍മിക്കുന്ന 35 സ്കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനകം ഉത്ഘാടനം ചെയ്യും. 27 മറ്റ് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കും. 250 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും.
ഇതുവരെ 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റി. എല്ലാ എല്‍പി സ്കൂളുകളും ഹൈടെക്ക് ആക്കി മാറ്റാന്‍ കിഫ്ബി സഹായത്തോടെ നടപടികള്‍ പുരോഗമിക്കുന്നു. 11400 സ്കൂളുകളില്‍ ഹൈടെക്ക് കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.






