Sorry, you need to enable JavaScript to visit this website.

പ്‌ളാറ്റ്‌ഫോമില്‍ ശാരീരിക അകലം പാലിക്കാന്‍ ചുവന്ന  വൃത്തങ്ങള്‍; മെട്രോ സര്‍വീസ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

ന്യൂദല്‍ഹി-രാജ്യത്ത് കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ച മെട്രോ റെയില്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. പരമാവധി മുന്നൂറ്റിയന്‍പത് പേരെയേ ഒരു സമയം യാത്ര ചെയ്യാന്‍ അനുവദിക്കൂ. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ യോഗം മറ്റന്നാള്‍ ദല്‍ഹിയില്‍ നടക്കും. വരുന്ന ഏഴ് മുതല്‍ ഘട്ടം ഘട്ടമായി സര്‍വ്വീസ് വീണ്ടും തുടങ്ങാനാണ് തീരുമാനം. വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്‌റ്റേഷനുകളിലെ പരിശോധന. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കും. ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ യാത്രക്കാരെ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. ലഗേജുകള്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കണ്‍ നല്‍കില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂ. നിശ്ചിത അകലം ഉറപ്പ് വരുത്തുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ശരീര പരിശോധന നടത്തും.
പ്ലാറ്റ്‌ഫോമില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ചുവന്ന വൃത്തങ്ങള്‍ വരച്ചിടും. കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ അനൗണ്‍സ്‌മെന്റുകളുണ്ടാകും. ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കും. ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാവും മെട്രോ യാത്രയില്‍ മുന്‍ഗണന.
 

Latest News