ദുബായ്- യു.എ.ഇ നിവാസികള്‍ക്ക് പൂന്തോട്ടനിര്‍മാണത്തിന്റെ സാധ്യതകള്‍ പഠിപ്പിച്ച ഇന്ത്യന്‍ പ്രകൃതി സ്നേഹി രാജേന്ദര്‍ കുമാര്‍ ബിഷ്നോയ് നാട്ടിലേക്ക്. വര്‍ഷങ്ങളായി അദ്ദേഹം വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് മരങ്ങളും ചെടികളും യു.എ.ഇക്ക് സമ്മാനമായി നല്‍കിയാണ് ഇദ്ദേഹം പ്രവാസത്തിന് വിരാമം കുറിക്കുന്നത്. കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടപ്പെട്ടതാണ് ബിഷ്‌നോയിയെ ദുബായ് നഗരത്തിനോട് യാത്ര ചൊല്ലാന്‍ നിര്‍ബന്ധിതനാക്കിയത്.
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകരായ ബിഷ്നോയികളുടെ പിന്‍ഗാമിയാണെന്ന് സ്വയം അഭിമാനിക്കുന്ന ഈ 56കാരന്‍ 8,500 ലധികം ചെടികളും മരങ്ങളും ദുബായില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതില്‍ 2500 എണ്ണം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം സംഭാവന ചെയ്തതാണ് എന്നതാണ് വസ്തുത.
മെയ് മാസമാണ് കമ്പനിയില്‍നിന്ന് 60 ദിവസത്തിന് ശേഷം കരാര്‍ അവസാനിപ്പിക്കുകയാണെന്ന നോട്ടീസ് ലഭിച്ചത്. ഇതു കൈപ്പറ്റിയപ്പോള്‍ ഞാന്‍ ഏറ്റവും പ്രയാസപ്പെട്ടത് കുഞ്ഞുങ്ങളെപ്പോല്‍ താന്‍ പരിരക്ഷിക്കുന്ന
തൈകളെയും ചെടികളെയും കുറിച്ചായിരുന്നു. സൗജന്യമായി താന്‍ നല്‍കുന്ന വിവിധയിനം ചെടികളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവരെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ യു.എ.ഇ നിവാസികളെ സമീപിച്ചു. ഈ ഉദ്യമം വിജയിച്ചതില്‍ താന്‍ വളരെ സന്തുഷ്ടനാണ്. തൈകള്‍, ചെടികള്‍, മരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ എമിറേറ്റുകളില്‍നിന്ന് നിരവധി പേര്‍ എത്തി. ഇനി സമാധാന മനസ്സോടെ തനിക്ക് യു.എ.ഇയോട് വിട ചൊല്ലാം'- ബിഷ്‌നോയി പറഞ്ഞു.
പാരമ്പര്യം മുറുകെ പിടിച്ച് ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന ബിഷ്നോയി ജനുവരിയില്‍ ഗാഫ് മരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യത്തിലായിരുന്നു.

ദുബായിലെ താമസ സ്ഥലത്ത് രാജേന്ദര്‍ കുമാര്‍ ബിഷ്‌നോയ് നട്ടുവളര്‍ത്തിയ വേപ്പിന്‍ തൈകള്‍.
1730 ല്‍ രാജസ്ഥാനിലെ ഖെജാര്‍ലി ഗ്രാമത്തിലെ പവിത്രമായ ഖെജ്രി അല്ലെങ്കില്‍ ഗാഫ് വൃക്ഷത്തെ സംരക്ഷിക്കുന്നതിനായി ഹിന്ദുമതവിഭാഗത്തിലെ ഒരു വിഭാഗമായ ബിഷ്നോയികളിലെ 363 പേര്‍ ജീവന്‍ ത്യജിച്ചിരുന്നു. 'പുതിയ കൊട്ടാരം പണിയുന്നതിനായി കുമ്മായം ഉണ്ടാക്കാന്‍ മരങ്ങള്‍ കത്തിക്കാന്‍ അക്കാലത്തെ ഭരണാധികാരി ഉത്തരവിട്ടു. എന്നാല്‍ അമൃത ദേവി ബിഷ്നോയി എന്ന പ്രാദേശിക വനിതയുടെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നത് തടയാന്‍ ബിഷ്നോയികള്‍ ഒരുമിക്കുകയായിരുന്നു- രാജേന്ദര്‍ കുമാര്‍ അനുസ്മരിച്ചു.
യു.എ.ഇയില്‍ ആയിരക്കണക്കിന് ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ച ബിഷ്നോയ് രാജസ്ഥാനിലെ ഗംഗനഗറില്‍ തന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലത്ത് ജൈവ കൃഷി നടത്തുന്നതിനായി കാത്തിരിക്കുകയാണ്. ദല്‍ഹിയില്‍ ടെറസ് ഗാര്‍ഡനിംഗ്, ജൈവവളം ഉത്പാദനത്തില്‍ പരിശീലനം നല്‍കല്‍ എന്നിവക്കും പദ്ധതിയുണ്ട്- ബിഷ്‌നോയ് പറഞ്ഞു. റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളിലും ഓഫീസുകളിലും പൂന്തോട്ട പരിപാലനകല, പൂന്തോട്ട മാലിന്യങ്ങളിലില്‍ നിന്നും അടുക്കളയില്‍ നിന്നും ശാസ്ത്രീയമായി എങ്ങനെ ജൈവവളം നിര്‍മിക്കാം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി വര്‍ക്ക് ഷോപ്പുകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
'ജോലി നഷ്ടപ്പെടുന്നത് അത്ര ശുഭകരമല്ല, എന്നാല്‍ നാട്ടിലെ പല പദ്ധതികള്‍ക്കും തുടക്കം കുറിക്കാനുള്ള ഒരു ദൈവ നിയോഗമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു- ബിഷ്‌നോയ് പറഞ്ഞു. തന്റെ സസ്യങ്ങളും വൃക്ഷങ്ങളും യു.എ.ഇയിലെ വില്ലകളും ബാല്‍ക്കണികളും അലങ്കരിക്കുമെന്നതില്‍ അതിയായ സംതൃപ്തിയോടെയാണ് താന്‍ രാജ്യം വിടുകയെന്ന് ബിഷ്നോയ് പറഞ്ഞു.
രണ്ട് മാസത്തിനിടെ സ്വദേശി വിദേശി വ്യത്യാസമന്യേ ആളുകള്‍ എടുക്കുന്ന സസ്യങ്ങളില്‍ ഭൂരിഭാഗവും വേപ്പും ഗാഫുമാണെന്ന് ബിഷ്‌നോയി പറഞ്ഞു. 'എന്നാല്‍ സിസിഫസ്, അക്കേഷ്യ, പീപ്പല്‍, ടെക്കോമെല്ല, കോര്‍ഡിയ, ഫിക്കസ്, ഡള്‍സ് തുടങ്ങിയ 85 തരം ചെടികള്‍ ഞാന്‍ വളര്‍ത്തുന്നുണ്ട്. പൂച്ചെടികളും ഔഷധ സസ്യങ്ങളും പച്ചക്കറികളും വിത്തുകളില്‍ നിന്നോ വെട്ടിയെടുത്തോ നല്‍കി വിതരണം ചെയ്തുവെന്നും ഈ പ്രകൃതിസ്‌നേഹി പറഞ്ഞു.
'പൂന്തോട്ട പരിപാലനം ഏറ്റെടുക്കാന്‍ പൊതുവെ ആളുകള്‍ വിമുഖത കാണിക്കുന്നു. അത്യുഷ്ണമായതിനാല്‍ ഇതു പ്രയാസകരമാണെന്ന് ചിന്തയാണ് ഇവരെ നയിക്കുന്നത്. ഇതെല്ലാം ഇല്ലാതാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിലരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ മാറുമെന്നാണ് തന്റെ പ്രതീക്ഷ'- ബിഷ്‌നോയ് മനസ്സ് തുറന്നു. തന്നെ സന്ദര്‍ശിക്കുകയോ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുകയോ ചെയ്തവര്‍ക്ക് സ്ഥിരമായി ഒരു തൈയോ മരമോ നല്‍കുന്നത് ബിഷ്‌നോയുടെ പതിവാണ്. ഉണങ്ങിയ ഇലകളുള്ള 10 ലിറ്റര്‍ ബക്കറ്റും കമ്പോസ്റ്റിംഗ് സ്റ്റാര്‍ട്ടറും അടങ്ങിയ ഒരു സൗജന്യ ജൈവവള കിറ്റും ഇദ്ദേഹം നല്‍കാറുണ്ട്.
'പൂന്തോട്ട നിര്‍മാണം നിസ്സാരമായി ചെയ്യാവുന്നതാണ്. മാലിന്യ കുപ്പികള്‍, ഉപേക്ഷിക്കപ്പെടുന്ന ബക്കറ്റുകള്‍, ക്യാനുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. അടുക്കളയില്‍ നിന്നും പൂന്തോട്ട മാലിന്യങ്ങളില്‍ നിന്നും ജൈവ വളം നിര്‍മിക്കുന്നതിനും പ്രയാസമില്ല. മാലിന്യങ്ങള്‍ മണ്ണിടിച്ചലിലേക്ക് പോകുന്നത് തടയാനും ഇത് സഹായിക്കുന്നു'- ബിഷ്‌നോയി ഉപദേശിക്കുന്നു.






