Sorry, you need to enable JavaScript to visit this website.

ഗോൾഡൻ ക്യാപ്റ്റൻ

2010 ആവുമ്പോഴേക്കും സെവിയയുമൊത്ത് ആറു കിരീടങ്ങൾ നേടാൻ നവാസിന് സാധിച്ചു. പിന്നീട് ഒരു ദശകത്തോളം നീണ്ട കിരീടവരൾച്ചക്കാണ് ഈ സീസണിലെ യൂറോപ്പ വിജയത്തോടെ വിരാമം കുറിച്ചത്. ഒരു മോഹം കൂടിയേ നവാസിന് ബാക്കിയുള്ളൂ. സ്‌പെയിനിനെ ഒരിക്കൽകൂടി രാജ്യാന്തര തലത്തിൽ പ്രതിനിധീകരിക്കുക. 

ജീസസ് നവാസ് എന്ന കളിക്കാരന്റെ പേര് ലോക ഫുട്‌ബോളിലെ താരരാജാക്കന്മാരുടെ കൂട്ടത്തിൽ ഉണ്ടാവില്ല. എന്നാൽ ലോക ഫുട്‌ബോളിൽ ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ ക്യാപ്റ്റന്മാർ അപൂർവമായിരിക്കും. അതും ഒരു ക്ലബ്ബിന്റെ മേൽവിലാസത്തിൽ. സെവിയയാണ് എന്നും നവാസിന്റെ തട്ടകം. അൽപകാലം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെയുണ്ടായിരുന്നു. അന്നും നവാസ് കിരീടനേട്ടം സ്വന്തമാക്കി. 


സെവിയ ആറു തവണയാണ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. മൂന്നു തവണയും നവാസ് ടീമിലുണ്ടായിരുന്നു. ഇന്റർ മിലാനെ തോൽപിച്ച് അവസാനം സെവിയ കപ്പുയർത്തിയപ്പോൾ ക്യാപ്റ്റന്റെ റോളിലായിരുന്നു നവാസ്. ഇത്തവണ വുൾവർഹാംപ്റ്റനെതിരായ ക്വാർട്ടർ ഫൈനൽ യൂറോപ്പ ലീഗിൽ നവാസിന്റെ അമ്പതാമത്തെ മത്സരമായിരുന്നു. 2006 ൽ മിഡിൽസ്‌ബ്രോയെയും 2007 ൽ എസ്പാന്യോളിനെയും യൂറോപ്പ ഫൈനലിൽ നേരിട്ട സെവിയ ടീമിൽ നവാസ് ഉണ്ടായിരുന്നു. മുപ്പതോളം തവണ ചാമ്പ്യൻസ് ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. 2003 ലാണ് നവാസ് സെവിയയിൽ അരങ്ങേറുന്നത്. അന്ന് യൂറോപ്പ ലീഗിന്റെ പേര് യുവേഫ കപ്പ് എന്നായിരുന്നു. അതിനു ശേഷം യൂറോപ്പിലെ രണ്ടാം നിര ക്ലബ് ഫുട്‌ബോൾ ടൂർണമെന്റുമായുള്ള സെവിയയുടെ പ്രണയബന്ധത്തിന്റെ അഭേദ്യമായ ഘടകമായിരുന്നു നവാസ്.

യൂറോപ്പ ലീഗിനെ യൂറോപ്പിലെ തങ്ങളുടെ ആധിപത്യത്തിന് സെവിയ തട്ടകമാക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ തുടർച്ചയായി മൂന്നു തവണ അവർ ചാമ്പ്യന്മാരായി. സ്പാനിഷ് ലീഗിൽ പോലും മുൻനിരയിലെത്താൻ സാധിക്കാതിരുന്ന കാലത്തും യൂറോപ്പ ലീഗിൽ അവർ ആധിപത്യം തുടർന്നു. 
2010 ആവുമ്പോഴേക്കും സെവിയയുമൊത്ത് ആറു കിരീടങ്ങൾ നേടാൻ നവാസിന് സാധിച്ചു. പിന്നീട് ഒരു ദശകത്തോളം നീണ്ട കിരീടവരൾച്ചക്കാണ് ഈ സീസണിലെ യൂറോപ്പ വിജയത്തോടെ വിരാമം കുറിച്ചത്. ഒരു മോഹം കൂടിയേ നവാസിന് ബാക്കിയുള്ളൂ. സ്‌പെയിനിനെ ഒരിക്കൽകൂടി രാജ്യാന്തര തലത്തിൽ പ്രതിനിധീകരിക്കുക. 


അപൂർവം കളിക്കാർക്കേ ഒരു ക്ലബ്ബുമായി ഇത്രയേറെ സ്‌നേഹബന്ധം പുലർത്താൻ സാധിച്ചിട്ടുള്ളൂ. ഒരു ക്ലബ്ബിന്റെ ചരിത്രവുമായി ഇത്ര ഗാഢമായ ബന്ധം പുലർത്തിയ വിരലിലെണ്ണാവുന്ന കളിക്കാരേ ഉണ്ടാവൂ. മുപ്പത്തിനാലുകാരന്റെ പേരിലാണ് സെവിയയുടെ ട്രയ്‌നിംഗ് ഗ്രൗണ്ട്. 130 വർഷത്തെ ചരിത്രമുള്ള ക്ലബ്ബാണ് സെവിയ. സെവിയയുമായി ഏഴ് കിരീടങ്ങൾ നേടാൻ മറ്റൊരു കളിക്കാരനും സാധിച്ചിട്ടില്ല. നാല് സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചെലവിട്ടതൊഴിച്ചാൽ നവാസിന്റെ കരിയർ മുഴുവൻ സെവിയയിലായിരുന്നു.

കൗമാരകാലത്ത് തന്നെ സെവിയയുമായി നവാസിന്റെ യാത്രയാരംഭിച്ചിരുന്നു. സെവിയക്കു വേണ്ടി ഏറ്റവുമധികം കളിച്ചതും ഏറ്റവും ഗോളവസരം ഒരുക്കിയതും നവാസാണ്. 2006 ൽ സെവിയ ആദ്യമായി യൂറോപ്പ ചാമ്പ്യന്മാരായ ഗോളിന്റെ സൂത്രധാരൻ നവാസായിരുന്നു. ഇത്തവണ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ സെമി ഫൈനലിൽ ലൂക് ഡി യോംഗിന് വിജയ ഗോളടിക്കാൻ അവസരമൊരുക്കിയതും നവാസാണ്. 2006 ലെയും 2007 ലെയും 2020 ലെയും യൂറോപ്പ കിരീടത്തിനു പുറമെ 2007 ലെയും 2010 ലെയും കോപ ഡെൽറേ കിരീടവും 2007 ലെ സ്പാനിഷ് സൂപ്പർ കപ്പും നേടാൻ ഈ കളിക്കാരന് സാധിച്ചു. ഗോളവസരമൊരുക്കുന്ന മിഡ്ഫീൽഡർ മാത്രമല്ല നവാസ്. ഫഌങ്കുകളിൽ ഡിഫന്ററായും കളിക്കുന്നു. ദേശീയ ടീമിലും നേട്ടങ്ങളുടെ പട്ടികയുണ്ട്. 2010 ലെ ലോകകപ്പും 2012 ലെ യൂറോ കപ്പും നേടിയ സ്‌പെയിൻ ടീമിൽ അംഗമായിരുന്നു. ലോകകപ്പ് വിജയത്തിൽ ആന്ദ്രെ ഇനിയെസ്റ്റയുടെ വിജയ ഗോളിൽ കലാശിച്ച നീക്കത്തിന് തുടക്കമിട്ടത് നവാസായിരുന്നു. 2012 ലെ യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ അവസാന വേളയിൽ ഗോളടിച്ച് സ്‌പെയിനിനെ ക്വാർട്ടറിലേക്ക് മുന്നേറാൻ സഹായിച്ചു. മറ്റൊരു സെവിയ കളിക്കാരനും നവാസിനെക്കാൾ കൂടുതൽ തവണ സ്‌പെയിനിന്റെ കുപ്പായമിട്ടിട്ടില്ല. 


സ്‌പെയിൻ ടീമിലെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്കുള്ള കൂടുമാറ്റത്തിന് വഴി തെളിച്ചത്. ആദ്യ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് ചാമ്പ്യനായി. നാലു സീസൺ അവിടെ ചെലവിട്ടു. തന്റെ വളർച്ചയിൽ ഇപ്പോഴത്തെ സിറ്റി കോച്ച് പെപ് ഗാഡിയോള വഹിച്ച പങ്കിനെക്കുറിച്ച് പലതവണ പറഞ്ഞിട്ടുണ്ട് നവാസ്. 2017 ലാണ് സെവിയയിൽ തിരിച്ചെത്തുന്നത്. ആ ഇടവേളയിൽ സെവിയ മൂന്നു തവണ തുടർച്ചയായി യൂറോപ്പ ചാമ്പ്യന്മാരായി. നവാസിന്റെ പ്രതാപകാലം അസ്തമിക്കാറായെങ്കിലും പ്രിയ കളിക്കാരനെ എളുപ്പം കൈവിടാൻ സെവിയ തയാറല്ല. നവാസ് ആഗ്രഹിക്കുന്നേടത്തോളം കാലം ക്ലബ്ബിൽ തുടരാമെന്ന് ഡയരകിടർ റമോൺ മോഞ്ചി റോഡ്രിഗസ് പറയുന്നു.
 

Latest News