Sorry, you need to enable JavaScript to visit this website.

ലുകാകു-ലൗതാരൊ: ഇന്ററിന്റെ വെടിമരുന്ന്

വില്ലൻ പരിവേഷത്തോടെയാണ് ലുകാകു സീസൺ അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ ഇറ്റാലിയൻ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് ലുകാകുവിന് ആശ്വാസം പകർന്നിട്ടുണ്ടാവണം. ക്രിസ്റ്റ്യാനൊ റൊണാൾഡൊ വാഴുന്ന ലീഗിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുക ചില്ലറക്കാര്യമല്ല. ഈ സീസണിലെ യൂറോപ്പിലെ അപകടകാരികളായ സ്‌ട്രൈക്ക് പാർട്ണർമാരിൽ മുന്നിലായിരുന്നു ലുകാകുവും ലൗതാരൊ മാർടിനസും


റൊമേലു ലുകാകുവിന്റെ അത്യുജ്വല സീസൺ കണ്ണീരിലാണ് അവസാനിച്ചത്. യൂറോപ്പ കപ്പ് ഫൈനലിൽ സെവിയയുടെ വിജയത്തിന് കാരണമായ സെൽഫ് ഗോൾ ലുകാകുവിന്റെ കാലിൽ നിന്നായി. വില്ലൻ പരിവേഷത്തോടെയാണ് ലുകാകു സീസൺ അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ ഇറ്റാലിയൻ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് ലുകാകുവിന് ആശ്വാസം പകർന്നിട്ടുണ്ടാവണം. ക്രിസ്റ്റ്യാനൊ റൊണാൾഡൊ വാഴുന്ന ലീഗിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുക ചില്ലറക്കാര്യമല്ല. 
യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഏറ്റവും അപകടകാരികളായ കൂട്ടുകെട്ടാണ് ഇന്ന് ലുകാകുവും അർജന്റീനക്കാരനായ ലൗതാരൊ മാർടിനസും. ബയേൺ മ്യൂണിക്കിന്റെ റോബർട് ലെവൻഡോവ്‌സ്‌കി-തോമസ് മുള്ളർ-സെർജി ഗനാബ്രി കൂട്ടുകെട്ടിനോട് തോളുരുമ്മി നിൽക്കും അവർ. മുള്ളർ-ലെവൻഡോവ്‌സ്‌കി-ഗനാബ്രി കൂട്ടുകെട്ട് നൂറോളം ഗോളാണ് ഈ സീസണിൽ അടിച്ചു കൂട്ടിയത്. പി.എസ്.ജിയുടെ നെയ്മാർ-കീലിയൻ എംബാപ്പെ-മോറൊ ഇകാർഡി കൂട്ടുകെട്ട് 67 ഗോൾ സംഭാവന ചെയ്തിട്ടുണ്ട്. 


യൂറോപ്യൻ ലീഗുകളിൽ തുടർച്ചയായ പത്തു കളികളിൽ ഒരു ഗോളെങ്കിലുമടിച്ചു എന്ന അപൂർവ റെക്കോർഡാണ് ലുകാകുവും ലൗതാരോയും സ്വന്തമാക്കിയത്. ഒബഫെമി മാർടിൻസ്-അഡ്രിയാനൊ കൂട്ടുകെട്ടിനു ശേഷം ഇത്ര അപകടകാരികളായ ഒരു കൂട്ടുകെട്ട് ഇന്ററിന് ഉണ്ടായിരുന്നില്ല. ഈ സീസണിൽ 33 ഗോളാണ് ലുകാകു സ്‌കോർ ചെയ്തത്. ലൗതാരൊ 21 ഗോൾ സ്വന്തമാക്കി. ഇറ്റാലിയൻ ലീഗിൽ യുവന്റസിന് ഒരു പോയന്റ് പിന്നിലെത്താൻ ഇന്ററിന് സാധിച്ചു. 


ലെവൻഡോവ്‌സ്‌കി-ഗനാബ്രി കൂട്ടുകെട്ടാണ് ജർമൻ ലീഗിലും ചാമ്പ്യൻസ് ലീഗിലും എതിരാളികൾക്ക് പേടിസ്വപ്‌നമായത്. ജർമൻ ലീഗിലും ചാമ്പ്യൻസ് ലീഗിലും ജർമൻ കപ്പിലുമായി ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയത് 55 ഗോളാണ്. ലെവൻഡോവ്‌സ്‌കിയെക്കാൾ ഏഴ് വയസ്സ് ഇളപ്പമുള്ള ഗനാബ്രി 28 ഗോൾ സ്‌കോർ ചെയ്തു. മൊത്തം 83 ഗോൾ. തോമസ് മുള്ളറുടെ സംഭാവനയും പരിഗണിക്കുമ്പോൾ അത് നൂറിലേക്കടുക്കും. ലെവൻഡോവ്‌സ്‌കിയെ ആറ് ഗോളടിക്കാൻ ഗനാബ്രി വഴിയൊരുക്കി. ഗനാബ്രിയുടെ നാല് ഗോളിന ലെവൻഡോവ്‌സ്‌കി പാസ് ചെയ്തു. ബയേണിനെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ചതിൽ ഇവരുടെ പങ്ക് ഇതിനെക്കാൾ വ്യക്തമാവാനില്ല. 


ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കണ്ണീരോടെ കളം വിടേണ്ടി വന്നെങ്കിലും വരും സീസണിൽ വളർന്നുപന്തലിക്കാൻ സാധ്യതയുള്ള കൂട്ടുകെട്ടാണ് പി.എസ്.ജിയിലെ നെയ്മാർ-എംബാപ്പെ-ഇകാർഡി സഖ്യം. ഫ്രഞ്ച് ലീഗിൽ മാത്രം എംബാപ്പെ 29 ഗോളടിച്ചു. ഇകാർഡി ഇരുപതും നെയ്മാർ പത്തൊമ്പതും തവണ ലക്ഷ്യം കണ്ടു. മൂവരുടെയും താളപ്പൊരുത്തം മികച്ചതായിരുന്നു. ഇകാർഡിയുടെ ഏഴ് ഗോളിന് പാസ് ചെയ്തത് എംബാപ്പെ ആയിരുന്നു. നെയ്മാറിനെ മൂന്നു ഗോളടിക്കാനും എംബാപ്പെ സഹായിച്ചു. തിരിച്ച് എംബാപ്പെയുടെ ഏഴ് ഗോളിന് നെയ്മാർ വഴിയൊരുക്കി. ഫ്രഞ്ച് ലീഗിൽ ആധിപത്യം തുടരാനും യൂറോപ്പിൽ കിരീടത്തിന്റെ വക്കിലെത്താനും അവർ പി.എസ്.ജിയെ സഹായിച്ചു. 


യൂറോപ്പിൽ ഇത്തവണ അധികം മുന്നേറാനായില്ലെങ്കിലും ലിവർപൂളിന് ഇത് മറക്കാനാവാത്ത സീസണാണ്. മുപ്പത് വർഷത്തിനു ശേഷം അവർ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചു. സാദിയൊ മാനെ-മുഹമ്മദ സലാഹ്-റോബർടൊ ഫിർമിനൊ ത്രയത്തിന്റെ ആക്രമണവീര്യമാണ് ലിവർപൂളിന്റെ അവിസ്മരണീയ കുതിപ്പിന് വെടിമരുന്നായത്. പ്രീമിയർ ലീഗിൽ മാത്രം മൂവരും ചേർന്ന് 46 ഗോൾ നേടി. 13 മാസത്തിനിടെ ലിവർപൂൾ നേടിയത് നാലു കിരീടങ്ങളായിരുന്നു. സലാഹ് 23 തവണയും മാനെ 22 തവണയും ഫിർമിനൊ 12 തവണയും ഈ സീസണിൽ എതിരാളികളുടെ വല കണ്ടു. 
മാഞ്ചസ്റ്റർ യുനൈറ്റഡിനെ പ്രതാപകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ കെൽപുള്ള ആക്രമണകാരികളാണ് മാർക്കസ് റാഷ്ഫഡ്-മെയ്‌സൻ ഗ്രീൻവുഡ്-ആന്റണി മാർഷ്യാൽ സഖ്യം. കഴിഞ്ഞ സീസണിൽ യുനൈറ്റഡ് ലുകാകുവിനെ ഇന്ററിന് വിറ്റപ്പോൾ ആക്രമണം നയിക്കാൻ ഇനി ആര് എന്നതായിരുന്നു ചോദ്യം. അതിനുത്തരം നൽകാൻ റാഷ്ഫഡ്-മെയ്‌സൻ ഗ്രീൻവുഡ്-ആന്റണി മാർഷ്യാൽ സഖ്യത്തിന് സാധിച്ചു. ലോക്ഡൗണിനു ശേഷമുള്ള കുതിപ്പിൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് മാഞ്ചസ്റ്റർ യുനൈറ്റഡിന് സാധിച്ചത് അവരുടെ പ്രഹര ശേഷി കൊണ്ടായിരുന്നു. മാർഷ്യാൽ ഈ സീസണിൽ എല്ലാ ടൂർണമെന്റിലുമായി 23 ഗോളടിച്ചു. റാഷ്ഫഡ് 22 ഗോളുമായി തൊട്ടുപിന്നിലുണ്ട്. പതിനെട്ടുകാരൻ ഗ്രീൻവുഡ് 18 തവണ ലക്ഷ്യം കണ്ടു. 


വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പട്ടികയിലുള്ള കളിക്കാരനാണ് ബൊറൂഷ്യ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാന്റ്. ഡോർട്മുണ്ടിൽ ഹാലാന്റ് അരങ്ങറിയ സ്‌ഫോടനാത്മകമായ തുടക്കം അപൂർവം കളിക്കാർക്കേ സാധിച്ചിട്ടുള്ളൂ. ഗോളടിക്കാനുള്ള ഹാലാന്റിന്റെ അസാധാരണ മികവ് പോലെ പ്രധാനമാണ് ജെയ്ദൻ സാഞ്ചൊ, തോർഗൻ ഹസാഡ് എന്നിവരുമൊത്തുള്ള ഓസ്ട്രിയക്കാരന്റെ കൂട്ടുകെട്ടും. സാഞ്ചോയും തോർഗനും കൂട്ടുകാരന് നിരവധി ഗോളവസരങ്ങളൊരുക്കി പ്രത്യുപകാരം ചെയ്തു. മൂവരും ചേർന്ന് ഈ സീസണിൽ നേടിയത് 43 ഗോളാണ്. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിലൂടെ ശ്രദ്ധേയനായ സാഞ്ചൊ ഈ സീസണിൽ ഡോർട്മുണ്ടിന്റെ മുൻനിര സ്‌ട്രൈക്കറായി സ്ഥാനം നേടിയെടുത്തു. 22 ഗോളുണ്ട് സാഞ്ചോയുടെ പേരിൽ. ഈ സീസണിന്റെ പകുതി മാത്രം ഡോർട്മുണ്ടിന് കളിച്ച ഹാലാന്റ് 13 ഗോൾ കൊണ്ടാണ് വല നിറച്ചത്. 
മാഞ്ചസ്റ്റർ സിറ്റിക്ക നഷ്ടങ്ങളുടെ സീസണാണ് ഇത്. എങ്കിലും റഹീം സ്‌റ്റെർലിംഗ്-സെർജിയൊ അഗ്വിരൊ-കെവിൻ ഡിബ്രൂയ്‌നെ കൂട്ടുകെട്ട് അവരുടെ ചന്തമുള്ള ആക്രമണ ഫുട്‌ബോളിന് വീര്യം പകർന്നു. അഗ്വിരൊ മാത്രം ഈ സീസണിൽ 23 ഗോളടിച്ചു. സ്‌റ്റെർലിംഗ് നേടിയത് 33 ഗോളാണ്.
 

Latest News