എയിംസില്‍ അമിത് ഷാ പൂര്‍ണ സുഖം പ്രാപിച്ചു

ന്യൂദല്‍ഹി-കോവിഡ് ഭേദമായെങ്കിലും ശരീര തളര്‍ച്ചയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൂര്‍ണ സുഖം പ്രാപിച്ചു.  കോവിഡാനന്തര ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയതെന്ന് ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍ അറിയിച്ചു.


അമിത് ഷാക്ക് രോഗം പൂര്‍ണമായും ഭേദമായെന്ന് എയിംസ് മീഡിയ, പ്രോട്ടോക്കോള്‍ ഡിവിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ആരതി വിജ് പറഞ്ഞു.


ഓഗസ്റ്റ് രണ്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അമിത് ഷായെ  കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 14 ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.


വൈറസ് മുക്തനായിരുന്നെങ്കിലും തുടര്‍ ചികിത്സക്കായി ഓഗസ്റ്റ് 18 ന്  അദ്ദേഹത്തെ വീണ്ടും എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു നാല് ദിവസം തളര്‍ച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കോവിഡാനന്തര ചികിത്സക്കായാണ് അമിത്ഷായെ എയിംസില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ രോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിയില്‍ വെച്ച് ജോലികള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News