അബുദാബി- ഇസ്രായില്‍ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച 1972 ലെ ഫെഡറല്‍ നിയമം റദ്ദാക്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. യു.എ.ഇയും ഇസ്രായിലും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇസ്രായില്‍ ബഹിഷ്‌കരണ നിയമം യു.എ.ഇ റദ്ദാക്കിയത്.
ഇസ്രായിലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിയമം റദ്ദാക്കിയിരിക്കുന്നത്. സംയുക്ത സഹകരണം ആരംഭിക്കുന്നതിനുള്ള റോഡ് മാപ്പ് തയാറാക്കുന്നതിലൂടെയും സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിലൂടെയും സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും യു.എ.ഇ, ഇസ്രായില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനം.
ഇസ്രായില്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കിയ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായിലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇസ്രായില്‍ പൗരന്മാരുമായോ ഇസ്രായിലി സ്ഥാപനങ്ങളുമായോ ഇസ്രായിലികളുടെയും ഇസ്രായിലി സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കാന്‍ സാധിക്കും. ഇസ്രായിലി ഉല്‍പന്നങ്ങളും ചരക്കുകളും രാജ്യത്ത് പ്രവേശിപ്പിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും കച്ചവടം ചെയ്യാനും അനുവദിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
അതേസമയം, ഇസ്രായിലിനും യു.എ.ഇക്കുമിടയിലെ ആദ്യ വാണിജ്യ വിമാന സര്‍വീസ് അടുത്ത തിങ്കളാഴ്ച തുടങ്ങും. ടെല്‍അവീവില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസിന് ഇസ്രായിലി വിമാന കമ്പനിയായി അല്‍ആല്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇസ്രായിലി സംഘത്തിനു പുറമെ, ഈ മാസം 13 ന് പ്രഖ്യാപിച്ച യു.എ.ഇ, ഇസ്രായില്‍ സമാധാന കരാറിന് മധ്യസ്ഥം വഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായികളും ആദ്യ വിമാനത്തിലുണ്ടാകുമെന്നാണ് വിവരം. അബുദാബിയിലേക്കുള്ള ആദ്യ വിമാന സര്‍വീസിന്റെ ഫ്‌ളൈറ്റ് നമ്പര്‍ എല്‍.വൈ 971 ഉം മടക്ക സര്‍വീസിന്റെ ഫ്‌ളൈറ്റ് നമ്പര്‍ എല്‍.വൈ 972 ഉം ആണ്.






