ന്യൂദൽഹി- കോവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട്ടിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ എച്ച് വസന്ത് കുമാർ പാർലമെന്റിൽ അവസാനം നടത്തിയ പ്രസംഗം കോവിഡ് ഉണ്ടാക്കുന്ന വിപത്തുകളെ പറ്റി ആയിരുന്നു. പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഈ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായി.
കോവിഡ് രാജ്യത്ത് പടർന്നു പിടിക്കാൻ തുടങ്ങിയ സമയത്ത് മാർച്ചിൽ നടന്ന പാർലമെന്റ് സമ്മേളത്തിലായിരുന്നു പ്രസംഗം. എന്നാൽ സംസാരിക്കുന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
സ്പീക്കർ സർ, കൊറോണ വൈറസ് രാജ്യത്തെയാകെ ബാധിച്ച പശ്ചാത്തലത്തിൽ ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ആളുകളുടെ വരുമാനം പൂർണമായും നിലയ്ക്കുന്നത് തീർച്ചയായും വായ്പാ തിരിച്ചടവുകളെ ബാധിക്കും. ചെറുകിട വ്യവസായികളുടെയും വ്യക്തികളുടെയും വായ്പ തിരിച്ചടവിന് മൂന്ന് മാസത്തേക്കെങ്കിലും ഇളവ് അനുവദിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.
നിലവിലെ സാഹചര്യം നിത്യവരുമാനക്കാരേയും കൂലിപ്പണിക്കാരെയും വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് കുറഞ്ഞത് 2000 രൂപയുടെ ധനസഹായമെങ്കിലും സർക്കാർ നൽകേണ്ടതുണ്ട്. ഇത് ഒരു അഭ്യർത്ഥനയായി സർക്കാരിന് മുൻപിൽ വെക്കുകയാണ്.' ,
എന്നാൽ ഇത്രയും സംസാരിച്ചപ്പോഴേക്കും ലോക്‌സഭാ സ്പീക്കർ ഓം ബിർള മറ്റൊരു അംഗത്തോട് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരു മിനിറ്റ് കൂടി തനിക്ക് നൽകണമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചരക്ക് സേവന നികുതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം പറയുമ്പോഴേക്കും സ്പീക്കർ ഓം ബിർള തൃണമൂൽ കോൺഗ്രസിന്റെ സൗഗാത റോയിയോട് സംസാരിക്കാൻ പറയുകയും താങ്കളുടെ മൈക്ക് ഓഫ് ചെയ്‌തെന്നും വസന്തകുമാറിനോട് പറയുകയായിരുന്നു.
വസന്ത് കുമാർ നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങളാണ് പിന്നീട് മോഡി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് എന്ന തരത്തിൽ നിരവധി പേർ ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് പത്തിനാണ് വസന്ത് കുമാറിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇതാദ്യമായാണ് വസന്ത് കുമാർ ലോക്‌സഭയിലെത്തിയത്. നേരത്തെ രണ്ടു തവണ തമിഴ്‌നാട് അസംബ്ലിയിൽ എത്തിയിരുന്നു. കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. വസന്ത് ടി.വി ചാനലിന്റെ ഉടമയുമാണ്. ഒരു സെയിൽസ്മാനായാണ് ജീവിതം തുടങ്ങിയത്. വസന്ത് കുമാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.