ഓണക്കാലം, എക്കാലത്തും മധുരമുള്ള ആഘോഷദിനങ്ങളാണ്. മലയാളി എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഓണവും ഓണക്കാലവും സദ്യയും ഉപ്പേരിയും ഉണ്ടാവും. കുട്ടിക്കാലത്തെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത് 'തിരുവോണപ്പുലരിതൻ... തിരുമുറ്റമണിഞ്ഞൊരുങ്ങി' എന്ന പാട്ടും തൊട്ടപ്പുറത്തെ വീട്ടിലിടുന്ന ഓണപ്പൂക്കളവും തിരുവോണദിവസം ഉണ്ടാക്കുന്ന സദ്യയുമാണ്. ഓണപ്പരീക്ഷകളൊക്കെ കഴിഞ്ഞു മനസൊന്നു റിലാക്‌സ് ആവുന്ന കാലം കൂടിയാണ് അത്. പൊന്നോണ തരംഗിണി എന്ന ഓണപ്പാട്ടുകളുടെ കാലം കൂടിയായിരുന്നു അത്. അതിലെ മിക്ക പാട്ടുകളുംപ്രത്യേകിച്ച് ഉത്രാടപ്പൂനിലാവെ വാ..., എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ..., പാതിരാ മയക്കത്തിൽ..., പൂക്കളം കാണുന്ന പൂമരം പോലെ നീ..., ഈ പാട്ടുകളൊക്കെ ഓണനിലാവിൽ കുളിച്ചു നിൽക്കുന്ന പ്രകൃതിയുമായി താദാത്മ്യം പാലിക്കുന്നവയായിരുന്നു. ഓണനിലാവും ഓണക്കാറ്റും ഓണക്കളികളും പോലെ ഓണസദ്യ വിഭവങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

ഓണസദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് പച്ചടി. വെള്ളരിക്ക പച്ചടിയാണ് എല്ലാവർക്കും സുപരിചിതം. പിന്നീട് പച്ചടികളിൽ പൈനാപ്പിൾ പച്ചടി പ്രധാനി ആകാൻ തുടങ്ങി. ഇന്നിപ്പോൾ പച്ചടികളുടെ പൂക്കാലം തന്നെയാണ്. ഇതാ പച്ചടികൾ കൊണ്ടൊരു പൂക്കളം . വെള്ളരിക്കപ്പച്ചടി, വെണ്ടക്കപ്പച്ചടി, പൈനാപ്പിൾ പച്ചടി, ഓറഞ്ച് പച്ചടി, ആപ്പിൾ പിയർ പച്ചടി, മുന്തിരിങ്ങ പച്ചടി, ബീറ്റ്‌റൂട്ട് പച്ചടി. ഇതിൽ വെള്ളരിക്ക, വെണ്ടയ്ക്ക, പൈനാപ്പിൾ, ബീറ്റ്‌റൂട്ട് പച്ചടികൾ എല്ലാർക്കും സുപരിചിതമാണ്. ഓറഞ്ച് പച്ചടി, ആപ്പിൾ പിയർ, മുന്തിരി പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഓറഞ്ച് പച്ചടി
ഓറഞ്ച് ഒന്നോ രണ്ടോ തൊലികളഞ്ഞു ചെറുതായി മുറിച്ചു സ്വൽപം എണ്ണയിൽ ഒന്ന് വഴറ്റി മുക്കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിക്കുക, അതിലേക്കു കാൽ ടീസ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കഷ്ണം ശർക്കര ചേർക്കുക, വെള്ളം വറ്റി വരുമ്പോൾ രണ്ടു ടേബിൾ സ്പൂൺ തേങ്ങാ അരച്ചതും കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും ചേർക്കുക. ഒന്ന് തിളവരുമ്പോൾ തീ ഓഫാക്കി മൂന്നു ടേബിൾ സ്പൂൺ തൈര് ചേർത്തു ഇളക്കി വാങ്ങുക.
ആപ്പിൾ പിയർ പച്ചടി
ആപ്പിളും പിയറും ഓരോന്ന് എടുത്തു തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു അരക്കപ്പ് വെള്ളമൊഴിച്ചു വേവിക്കുക. സ്വൽപ്പം ഉപ്പും, കാൽ ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക, അഞ്ചുമിനുട്ടുകഴിഞ്ഞു ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തിളക്കുക ഇനി രണ്ടു ടേബിൾ സ്പൂൺ തേങ്ങാ അരച്ചതും കാൽ ടീസ്പൂൺ ഉലുവാപ്പൊടിയും ചേർക്കാം, തീ ഓഫാക്കി മൂന്നു ടേബിൾസ്പൂൺ തൈരും ചേർക്കുക. ആപ്പിൾ പിയർ പച്ചടി റെഡി.
മുന്തിരി പച്ചടി
250 ഗ്രാം മുന്തിരി കഴുകി ഒരു ഗ്ലാസ് വെള്ളവും ചേർത്ത് രണ്ടു പച്ചമുളകും ഒരു കഷ്ണം ഇഞ്ചിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നാല് മിനിറ്റ് വേവിക്കുക. ഒരു കഷ്ണം ശർക്കരയോ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയോ അവനവന്റെ ഇഷ്ടം പോലെ ചേർക്കുക. ഇതിലേക്ക് അരച്ച് വച്ച രണ്ടു ടേബിൾ സ്പൂൺ തേങ്ങാ ചേർക്കുക. ഒരു തിള വന്നതിനു ശേഷം ഓഫാക്കി രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈര് ചേർക്കാം. എല്ലാ പച്ചടികളിലും കടുകും കറിവേപ്പിലയും കൊണ്ട് താളിക്കുക.
കൊറോണക്കാലത്തു മാസ്‌ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിനൊപ്പം വിവിധ പഴങ്ങൾ കൊണ്ട് പച്ചടിയും മറ്റു കറിക്കൂട്ടുകളും ഉണ്ടാക്കി സ്വന്തം വീടുകളിൽ തന്നെ നമുക്ക് ഓണം ആഘോഷിക്കാം. ഓണത്തിന്റെ പെരുമ ഒട്ടും ചോർന്നു പോകാതെ തന്നെ.






