Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

വെളിച്ചം വിതറിയ ഗുരുനാഥൻമാർ


പത്താം തരത്തിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ തണ്ടലാട്ട് ഗോവിന്ദൻ മാസ്റ്ററായിരുന്നു. അദ്ദേഹം ദേവഗിരി കോളജിൽനിന്നും പഠിച്ചിറങ്ങിയ ശാസ്ത്ര ബിരുദധാരിയാണ്. പ്രസിദ്ധ ഇംഗ്ലീഷ് അധ്യാപകനായ ഷെപ്പഡ് സാറിന്റെ ശിഷ്യനായതിൽ ഏറെ അഭിമാനിക്കുന്ന അദ്ദേഹം എന്നും കാലത്ത് ലോകസാഹിത്യത്തിലെ പല ക്ലാസിക് കൃതികളെ കുറിച്ചും ശാസ്ത്രലോകത്തിലെ വിസ്മയങ്ങളെ കുറിച്ചും പുത്തൻ കണ്ടു പിടുത്തങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ടാണ് ഞങ്ങളുടെ ദിനങ്ങൾക്ക് തുടക്കമിടുക. 
സ്‌നേഹമസൃണമായ സംസാരത്തിൽ ഞങ്ങൾ മേപ്പയ്യൂർ ഗവ. ഹൈസ്‌ക്കൂളിലെ പത്താം തരം ബി. ക്ലാസിലെ വിദ്യാർഥികൾ അദ്ദേഹത്തോടൊപ്പം പല ലോകങ്ങളിലേക്കും കാലങ്ങളിലേക്കും സഞ്ചരിക്കുകയായിരുന്നു. ഒരിക്കലും മറക്കാത്ത ഒട്ടേറെ കഥകൾ അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞ് തന്നു. കഥകൾക്കും കവിതകൾക്കും സങ്കീർണ്ണമായ വ്യാകരണങ്ങൾക്കുമപ്പുറം ജീവിത പരീക്ഷയിൽ വിജയശ്രീലാളിതരാവാനുള്ളനിരവധി കാര്യങ്ങൾ വശ്യമായ ശൈലിയിൽപകർന്ന് തന്നു. 

 

ആരോഹണാവരോഹണങ്ങൾ കലാപരമായി ഉപയോഗപ്പെടുത്തി ഘനഗംഭീരമാർന്ന ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ അവതരണത്തിന് എന്തെന്നില്ലാത്ത ആകർഷണീയതയായിരുന്നു. വീണ്ടും വീണ്ടും മനോമുകരത്തിൽ തെളിയുന്ന ആക്‌സിനോവും മകാർ സെമിയോണിച്ചും, ജീൻ വാൾ ജീനും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾക്കാണ് ഞങ്ങളെ വിസ്മയിപ്പിക്കുന്ന തരത്തിൽ അദ്ദേഹം ജീവൻനൽകിയത്? 
സ്വാർത്ഥനായ രാക്ഷസന്റെപൂന്തോട്ടവും, അദ്ദേഹത്തിന്റെ മനം മാറ്റവും; നിഷ്‌നിഫെയറും സൈബീരിയൻ തടവറയും അവിടുത്തെപതിഞ്ഞ സംസാരവും മാപ്പേകലിന്റെ ഉദ്വേഗജനകമായ നിമിഷങ്ങളുമെല്ലാം, കഥാകൃത്തുക്കൾ അനുഭവിച്ച വികാര തീവ്രതയോടെ ക്ലാസ് മുറിയിൽ അവതരിപ്പിച്ച് ഞങ്ങളുടെ അകതാരിൽ അദ്ദേഹം പാകിയത് മൂല്യബോധത്തിന്റെ വൈവിധ്യമാർന്ന കുഞ്ഞ്കുഞ്ഞ് വിത്തുകളായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

 

വൈകിയാണെങ്കിലും നീതി പുലരുക തന്നെ ചെയ്യുമെന്നപ്രാപഞ്ചിക സത്യത്തെ എത്ര മാത്രം അഗാധമായാണ് അദ്ദേഹം ഞങ്ങളിൽ വേരോട്ടിയത്.
അന്യായവും അനീതിയും സകല ദിക്കിലും കൊടി കുത്തി വാഴുമ്പോൾ, ഭരണകൂട ഭീകരതയുടെ ഭാഗമായി നിരപരാധികൾ വേട്ടയാടപ്പെടുമ്പോൾ, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവറകൾക്കുള്ളിൽ ചിലരൊക്കെ ദീർഘകാലം കഷ്ടതയനുഭവിക്കുന്നത് കാണുമ്പോൾ, അഴിമതിക്കാരും വർഗീയ ഭ്രാന്തൻമാരും ക്രിമിനലുകളും അവിഹിതമായി അരങ്ങ് കീഴടക്കുമ്പോൾ, ഉള്ളിൽ ആക്‌സിനോവിന്റെ മുഖം തെളിയും. 'ദൈവം എല്ലാം കാണുന്നു; പക്ഷെ കാത്തിരിക്കുന്നു' എന്ന വാക്യം നക്ഷത്ര സാന്നിധ്യമായി തിളങ്ങും. പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ ക്ഷമാലുക്കളായി ജീവിതയാത്ര പ്രസാദാത്മകമായി തുടരാൻ പ്രേരിപ്പിക്കുന്നതിന്റെപിന്നിൽ മഴ നനഞ്ഞ ആ പ്രഭാത ക്ലാസുകളിൽനിന്ന് പഠിച്ചെടുത്തപാഠങ്ങൾക്കുള്ള സ്വാധീനം ഏറെ വലുതാണ്.
ഇപ്പോഴും ഇടക്കൊക്കെ കുടുംബ സമേതം സാറെ തേടി ചെല്ലുമ്പോൾപകർന്ന് കിട്ടുന്നത് സമാനമായ ഊർജ്ജപ്രവാഹമാണ്. അതൊക്കെപറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെ.

 

നാട്ടിലെത്തുമ്പോൾ, മുടങ്ങാതെ ചെന്ന് കാണാൻ, കുറേനേരം കേട്ടിരിക്കാൻ കൊതിക്കുന്നപ്രിയ സാന്നിധ്യങ്ങളിൽപ്രമുഖ സ്ഥാനത്ത് തന്നെയുണ്ട് ഗുരുനാഥൻമാരധികവും. 
പി.ടി മാസ്റ്റർ അല്ലാതിരുന്നിട്ടും പ്രഭാതത്തിൽ കുട്ടികളോടൊത്ത് ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ വിയർത്ത് കുളിക്കുന്ന ഗണിത ശാസ്ത്രാധ്യാപകനായ അരവിന്ദൻ മാസ്റ്റർ, സൗമ്യതയിൽ ഗൗരവം ചാലിച്ച് ഭൗതിക ശാസ്ത്രത്തിന്റെ സൗന്ദര്യത്തിലേക്ക് നയിച്ച കെ.എം സൂപ്പി മാസ്റ്റർ, ഉള്ളിൽനിറയെ സ്‌നേഹലാളനകൾ ഒളിപ്പിച്ച് പരുക്കൻ മുഖംമൂടിയണിഞ്ഞ് രസതന്ത്രത്തിന്റെ രസികൻ ലോകത്തേക്ക് നയിച്ച രാഘവൻ മാസ്റ്റർ, ഗണിത വിസ്മയങ്ങളെ സ്‌നേഹാർദ്രമായി അവതരിപ്പിച്ച എൻ.കെ അഹമദ് മാസ്റ്റർ, കട്ടി കണ്ണട വെച്ച് ചിരി തൂകിയെത്തുന്ന ജീവ ശാസ്ത്രാധ്യപകനായ കുഞ്ഞബ്ദുള്ള മാസ്റ്റർ, കണിശമായി അറബിക് കൈകാര്യം ചെയ്യുന്ന ഇബ്രാഹീം സാർ, വടിവൊത്ത വേഷമണിഞ്ഞ് മേശപ്പുറത്തിരുന്ന് തെക്കൻ ശൈലിയിൽ ഹിന്ദി ഭാഷ പഠിപ്പിച്ച ചെല്ലപ്പൻ മാസ്റ്റർ , മലയാളം സെക്കന്റ് പഠിപ്പിക്കാനെത്തുന്ന സരസനായ കൃഷ്ണൻ മാസ്റ്റർ, ചരിത്രത്തെ, ഭൂമി ശാസ്ത്രത്തെധനതത്വശാസ്ത്രത്തെപുഞ്ചിരിച്ച വതരിപ്പിച്ച ഗോപിനാഥൻ സർ, മാതൃവാത്സല്യം വേണ്ടുവോളം പകർന്ന വിജയലക്ഷ്മി ടീച്ചർ ശൈലജ ടീച്ചർ...എൽപി തലത്തിലും യു.പി. തലത്തിലും വഴികാട്ടികളായ ഒത്തിരി ഗുരു സാന്നിധ്യങ്ങൾ. ചിലരൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് പോയി. നന്ദിപൂർവ്വം സ്മരിക്കാൻ ആദരിക്കാൻ എത്രയെത്ര അധ്യാപികാ അധ്യാപകർ! 


മറ്റൊരു അധ്യാപകദിനം കൂടി വിളിപ്പാടകലെയെത്തി നിൽക്കുന്ന ഈ ഓൺലൈൻ ലേണിംഗ് കാലത്ത് അനേകം കലാലയ ഓർമകൾ ചിറകടിച്ചെത്തുന്നുണ്ട്. 
ഇന്റർവെൽ സമയത്തെ നേരമ്പോക്കുകളും, ഉച്ചഭക്ഷണനേരത്തെ കസർത്തുകളും ,ചെമ്മണ്ണ് പാറുന്നപ്രവിശാലമായ കളിക്കളത്തിൽനിന്ന് മുത്തശ്ശിമാവിന്റെ ചില്ലകളിലുമ്മ വെച്ച് ഒഴുകിയെത്തുന്ന വിരഹാർദ്രമായ പോക്കുവെയിൽ കുടിച്ചപടിഞ്ഞാറൻ കാറ്റും കലപിലകളും, ബ്രൗൺ ചട്ടയുള്ള മഞ്ഞനിറമുള്ള ഓട്ടോഗ്രാഫും പറഞ്ഞും പറയാതെയുമറിഞ്ഞ ഇഷ്ടങ്ങളും ക്രമേണ കനത്ത് കല്ലിച്ച വിരഹവും പരീക്ഷാക്കാല ഉൽകണ്ഠകളും എല്ലാം കുളിരൂറുന്ന കൗമാരസ്വപനങ്ങളിലെ മങ്ങാത്ത ഓർമ്മകൾ തന്നെ. എന്നാലും ഒരു കാര്യം പറയാതെ വയ്യ. ഇളം മനസ്സുകളുടെ തരള തന്ത്രികളിൽ മാന്ത്രിക ശ്രുതിയിടുന്ന സർഗ്ഗധനരും അർപ്പണബോധമുള്ളവരുമായ, ഗുരുനാഥരുടെ സാന്നിധ്യമില്ലെങ്കിൽ, വിശ്വമാനവികതയുടെ മധുരിമയാർന്ന കവിത ഉള്ളിൽ വിരിയിക്കുന്ന മികച്ചപഠനാന്തരീക്ഷമില്ലെങ്കിൽ കലാലയങ്ങൾ കേവലം നിർജ്ജീവമായ കുറെ കെട്ടിടങ്ങൾ മാത്രമായിരിക്കും.
 

Latest News