കത്തെഴുതിയ ഉന്നത നേതാക്കളെ സോണിയ ഒതുക്കി; വിശ്വസ്തരെ ഉള്‍പ്പെടുത്തി പുതിയ സമിതി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് ദേശീയ നേതൃത്വനിരയില്‍ അടിമുടി മാറ്റം വേണമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്നും കത്തെഴുതിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ഒതുക്കുന്നതിനുള്ള ആദ്യപടിയായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അവരെ ചില ചുമതലകളില്‍ നിന്ന് അകറ്റി. വിവാദമുണ്ടാക്കിയ നേതാക്കളില്‍ ഉള്‍പ്പെടാത്ത മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശിനെ കോണ്‍ഗ്രസ് ചീഫ് വിപ്പായി സോണിയ നിയമിച്ചു. പാര്‍ട്ടി ട്രഷററും തന്റെ രാഷ്ട്രീയ ഉപദേശകനുമായ അഹ്മദ് പട്ടേലിനേയും മറ്റൊരു വിശ്വസ്തന്‍ കെ സി വേണുഗോപാലിനേയും ഉള്‍പ്പെടുത്തി രാജ്യസഭയിലെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കാന്‍ ഒരു സമിതിയും സോണിയ രൂപീകരിച്ചു.  കത്തെഴുതിയ നേതാക്കളില്‍ ഉള്‍പ്പെട്ട രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഉപനേതാവ്് ആനന്ദ് ശര്‍മ എന്നിവരുടെ മേല്‍ ഒരു കണ്ണുണ്ടായിരിക്കാനാണ് ഈ സമിതിയെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യസഭയിലെ പാര്‍ട്ടി നേതാക്കളില്‍ ഭൂരിപക്ഷവും സോണിയയെ പിന്തുണയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച നേതാക്കളാണ് ഗുലാം നബിയും ആനന്ദ് ശര്‍മയും. ഈ നടപടികളോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന നിയിലുള്ള ഇവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നു വേണം അനുമാനിക്കാന്‍. അതേസമയം മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ സോണിയ മണ്‍സൂണ്‍ കാലം കഴിയുന്നതുവരെ കാത്തിരിക്കുമെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

ഈ നടപടി വിമതസ്വരം ഉയര്‍ത്തിവര്‍ക്കെതിരെ മാത്രണെന്ന് കരുതപ്പെടാതിരിക്കാന്‍ സമാന സമിതിക്ക് സോണിയ ലോക് സഭയിലും രൂപം നല്‍കിയിട്ടുണ്ട്. ഗൗരവ് ഗൊഗോയിയെ ലോക്‌സഭിയലെ പ്രതിപക്ഷ ഉപനേതാവായും രവ്‌നീത് സിങ് ബിട്ടുവിനെ വിപ്പായും സോണിയ നിയമിച്ചു. ഇരുവരും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. കത്തെഴുതിയ കൂട്ടത്തിലെ മറ്റു നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും ലോക്‌സഭയില്‍ ഒതുക്കപ്പെട്ടതായാണ് വിലയിരുത്തല്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രാസംഗികരാണിവര്‍.

കോണ്‍ഗ്രസിനു ഒരു മുഴുസമയ, ദൃശ്യമായ ഒരു നേതൃത്വം വേണമെന്ന പ്രധാന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്കെഴുതിയ കത്ത് തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലും പുറത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
 

Latest News