ലക്‌നൗ- ലോകത്തെ സപ്താത്ഭുതങ്ങളിലൊന്നായി എണ്ണപ്പെട്ട വിശ്വോത്തര നിർമിതി താജ്മഹലിനെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനുള്ള സംഘ്പരിവാറിന്റെ ശ്രമം ആസൂത്രിതമാണെന്ന് വ്യക്തമാകുന്നു. താജ്മഹൽ നിർമിച്ചതു രാജ്യദ്രോഹികളാണെന്ന ആരോപണവുമായി ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ. എ സംഗീത് സോം രംഗത്തുവന്നു. താജ്മഹലിനെതിരെ രംഗത്തുവരുന്ന ആദ്യ സംഘ് നേതാവല്ല സോം. ടൂറിസം ബുക്‌ലെറ്റിൽനിന്നു താജ്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് എം.എൽ.എയുടെ വിവാദ പരാമർശം. താജ്മഹൽ ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ ആ ചരിത്രം മാറ്റുമെന്നും സംഗീത് സോം പറഞ്ഞു. ഇന്ത്യാ ചരിത്രത്തിലെ കറുത്ത പാടാണ് താജ്മഹലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം കൈപ്പുസ്തകത്തിൽനിന്നു താജ്മഹലിനെ ഒഴിവാക്കിയതു കുറേപ്പേരെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ താജ്മഹലിന് എന്തു ചരിത്രപ്രാധാന്യമാണ് അവകാശപ്പെടാനുള്ളത്? താജ്മഹൽ നിർമിച്ച ചക്രവർത്തി ഹൈന്ദവരെ തുടച്ചുനീക്കാൻ ശ്രമിച്ചയാളാണെന്നും സംഗീത് സോം പറഞ്ഞു. സ്വന്തം പിതാവിനെ തടവറയിലിട്ടയാളാണ് അദ്ദേഹം. താജ്മഹൽ ഇന്ത്യയുടെ സംസ്‌കാരത്തിൻെറ ഭാഗമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാടെടുത്തതിനു പിന്നാലെയാണു കൂടുതൽ ബി.ജെ.പി നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ വർഷം താജ്മഹലിന്റെ പരിപാലനത്തിന് ഉത്തർപ്രദേശ് സർക്കാർ പണം അനുവദിച്ചതുമില്ല. എം.എൽ.എയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിദ്വേഷമാണു ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നു സമാജ്‌വാദി പാർട്ടി ആരോപിച്ചു. ചരിത്രത്തെ നശിപ്പിക്കുകയല്ല, അതിൽനിന്നു പഠിക്കുകയാണു വേണ്ടതെന്ന് എസ്.പി വക്താവ് സി.പി. റായ് പറഞ്ഞു. രാജ്യദ്രോഹികൾ എന്നാരോപിക്കപ്പെടുന്ന ഇതേ ചക്രവർത്തിമാർ നിർമിച്ച ദൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതു പ്രധാനമന്ത്രി നിർത്തലാക്കുമോയെന്ന് അസദുദ്ദീൻ ഉവൈസി ചോദിച്ചു. ഉത്തർപ്രദേശിലെ കടുത്ത വർഗീയവാദികളായ നേതാക്കളിൽ പ്രമുഖനാണ് സംഗീത് സോം. നിരവധി കലാപങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിതനായ നേതാവാണ് ഇദ്ദേഹം. മുസഫർ നഗറിലെ വർഗീയ കലാപം സംഘടിപ്പിച്ചതിന് പിന്നിൽ സോം പുറത്തിറക്കിയ വ്യാജ വീഡിയോ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മുൻ അഭിഷേക് സിംഗ് സർക്കാർ ഇയാൾക്കെതിരെ കേസെടുക്കുകയുമുണ്ടായി.
യു.പി സർക്കാർ പുറത്തിറക്കിയ സംസ്ഥാന ടൂറിസം കൈപ്പുസ്തകത്തിൽ താജ്മഹലിനെ ഉൾപ്പെടുത്താതിരുന്നതു വലിയ വിവാദമായിരുന്നു. യു.പിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണു കൈപ്പുസ്തകത്തിൽ. ഗോരഖ്പുരിനു പുറമെ മഥുര, അയോധ്യ, വാരാണസി തുടങ്ങിയ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ വിവരങ്ങളും കൈപ്പുസ്തകത്തിലുണ്ട്.
സംഭവം വിവാദമായതോടെ, താജ്മഹലിനെയല്ല താൻ എതിർത്തതെന്നും അത് പണികഴിപ്പിച്ച മുഗളന്മാരെയാണെന്നും തിരുത്തിപ്പറഞ്ഞ് സംഗീത് സോം രംഗത്തുവന്നു. താജിനെ ഞാൻ എതിർത്തില്ല. മനോഹരമായ പൈതൃകമാണത്. അത് നിർമിച്ച മുഗളന്മാരേയും ചരിത്രത്തിൽ എങ്ങനെ അത് ചിത്രീകരിക്കപ്പെടുന്നു എന്നതിനെയുമാണ് ഞാൻ എതിർത്തതെന്ന് സോം വിശദീകരിച്ചു.