യു.എ.ഇയിൽ 491 കോവിഡ്;  രണ്ടാംഘട്ട വ്യാപനഭീതി ശക്തം

ദുബായ് - കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ട വ്യാപന ഭീതി നിലനിൽക്കെ യു.എ.ഇയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. 
ഇന്നലെ 491 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 402 പേർ രോഗമുക്തരാകുകയും ചെയ്തു. 24 മണിക്കൂറിനിടെ മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ ഒമ്പതിന് ശേഷമുള്ള ഏറ്റവും വലിയ പോസിറ്റീവ് നിരക്കാണ് ഇന്നലത്തേത്. 68,043 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതുവരെ 60 ലക്ഷത്തിലേറെ പേരെയാണ് രാജ്യത്ത് കോവിഡ് പരിശോധയ്ക്ക് വിധേയമാക്കിയത്. 378 പേർ ഇതുവരെ മരിച്ചു. 8661 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 


ബുധനാഴ്ചയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറോളം കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കൂടുതലായി റിപ്പോർട്ട് ചെയ്തത്. 399 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ ഇതുവരെ കോവിഡ് കേസുകളിൽ പത്തു ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇത് ഒമ്പതര മുതൽ 12 ശതമാനം വരെയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഉമർ ബിൻ ഹമ്മാദി വ്യക്തമാക്കി. അതേസമയം, 0.5 ശതമാനം മാത്രമാണ് മരണ നിരക്ക്. 


കോവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിൽ വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയിലാണ് രാജ്യം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമൂഹിക അകലമടക്കം സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ പിഴയടക്കം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ശുചീകരണ പ്രവൃത്തികൾ ത്വരിതഃഗതിയിലാക്കാനും തീരുമാനമുണ്ട്. 
അതിനിടെ, കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന സൂചനയുണ്ട്. മാർച്ച് മധ്യം മുതൽ ജൂലൈ 24 വരെ ആയിരുന്നു രാജ്യത്തെ ആദ്യഘട്ട ലോക്ഡൗൺ.

 

Tags

Latest News