യുവതിയേയും ഭിന്നശേഷിയുള്ള യുവാവിനേയും മര്‍ദിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി

കനൗജ്- ഉത്തര്‍ പ്രദേശിലെ കനൗജില്‍ വിധവയായ യുവതിയേയും ഭിന്നശേഷിയുള്ള യുവാവിനേയും മര്‍ദിച്ച് തലമുണ്ഡനം ചെയ്ത് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ എതിര്‍ക്കുന്ന യുവതിയുടെ ബന്ധുക്കളാണ് അക്രമത്തിനു പിന്നില്‍. 37കാരിയായ യുവതിയുടെ ഭര്‍ത്താവ് രണ്ടു മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അക്രമത്തിനിരയായ 40കാരനായിരുന്നു യുവതിയെ സഹായിച്ചിരുന്നത്. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും ഒന്നിച്ചു കണ്ടതിനെ തുടര്‍ന്നാണ് പിടികൂടി അക്രമത്തിനിരയാക്കിയത്. 

സംഭവത്തില്‍ പോലീസ് യുവതിയുടെ ബന്ധുക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ മറ്റുചിലര്‍ക്കൊപ്പം ചേര്‍ന്ന് യുവതിയുടേയും യുവാവിന്റേയും തലമുണ്ഡനം ചെയ്യുകയും മുഖത്ത് കരിവാരിത്തേക്കുകയും ചെയ്തതായും പോലീസ് പറയുന്നു. എട്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.  യുവതിയേയും യുവാവിനേയും തെരുവിലൂടെ ചെരുപ്പുമാലയണിയിച്ച് നടത്തിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. കുട്ടികളടക്കം ആള്‍ക്കൂട്ടം ഇവര്‍ക്കു പിന്നാലെ നടക്കുന്നതായും ദൃശ്യത്തിലുണ്ട്.
 

Latest News