തിരുവനന്തപുരം- സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വപ്നയ്ക്ക് താമസിക്കാൻ വേണ്ടി ശിവശങ്കറിന്റെ നിർദ്ദേശപ്രാകാരം ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്ന് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ ഫ്ളാറ്റിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. അതിനിടെ, മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനിൽനമ്പ്യാർ. സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ചമയ്ക്കാൻ അനിൽ നമ്പ്യാർ സഹായിച്ചുവെന്നായിരുന്നു കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴി.