തിരുവനന്തപുരം- സര്‍ക്കാരിന്റെ സെക്രട്ടറിയേറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഓഫീസാണ് തീപിടുത്തമുണ്ടായ സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തങ്ങളുടെ ഏറ്റവും വിശ്വസ്തരെ ഉള്‍പ്പെടുത്തി പ്രോട്ടോക്കോള്‍ ഓഫീസ് വരുതിയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീടാണ് സെക്രട്ടറിയേറ്റിലെ മറ്റ് വകുപ്പുകളിലൊക്കെ സ്ഥാനചലനങ്ങള്‍ നടക്കുക. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ്. പ്രവര്‍ത്തിക്കുക. സര്‍ക്കാരിലെ ഉന്നതരുടെ എല്ലാ തരത്തിലുള്ള യാത്രകളും താമസവും ഈ വകുപ്പിലൂടെയാണ് നടക്കുക.
ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഐ.എ.എസ് .ഉദ്യോഗസ്ഥനായിരിക്കും. സാധാരണനിലയില്‍ ഡി.എ.ഡി. സെക്രട്ടറി തന്നെയാവും ഈ ചുമതലയും വഹിക്കുക. സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നത് അഡീഷണല്‍ സെക്രട്ടറി റാങ്കിലോ ജോയിന്റ് സെക്രട്ടറി റാങ്കിലോയുള്ളയാളായിരിക്കും., വി.വി.ഐ.പി,വി.ഐ.പി, ഗവ.ഗസ്റ്റ്, സ്റ്റേറ്റ് ഗസ്റ്റ് എന്നിങ്ങനെയുള്ളവരുടെ യാത്രയും താമസവും സല്‍ക്കാരങ്ങളും നിയന്ത്രിക്കുന്നത് ഈ വകുപ്പാണ്. രാജ്യത്തിന് പുറത്തുനിന്നും രാജ്യത്തിനകത്തുമുള്ള എല്ലാ പ്രമുഖരുടെയും സംസ്ഥാനത്തേക്കുള്ള പോക്കുവരവുകളുടെ എല്ലാം രേഖകളും പ്രോട്ടോകോള്‍ ഓഫീസറുടെ പക്കലുണ്ടാകും. ്അതിനാല്‍ തന്നെ രഹസ്യങ്ങളുടെ കലവറായാണിത്.

വിവാദമായ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ഫയലുകളുടെ രേഖകള്‍ ഇവിടെ രേഖപ്പെടുത്തപ്പെടുന്നുണ്ട്. നയതന്ത്ര ബാഗേജുകളുടേയും മറ്റ് പാഴ്സലുകളുടേയും ക്ലീയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യ സ്വഭാവമുള്ള മറ്റു ഫയലുകളും പൊതുഭരണ വകുപ്പിലാണെന്നതും തീപിടുത്തത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവിടെനിന്ന് വിവരങ്ങള്‍ തേടിയിരുന്നു. എന്‍.ഐ.എ പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ദേശിയ അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമത് നിര്‍ത്തിവച്ചു. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ സെക്രട്ടറിയേറ്റില്‍ ആരെയൊക്കെയാണ് പതിവായി സന്ദര്‍ശിച്ചിരുന്നതെന്നറിയുന്നതിനാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈവരെയുള്ള ദൃശ്യങ്ങളാണ് ശേഖരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ എന്ന് ദൃശ്യങ്ങള്‍ എന്‍.ഐഎക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്തിവച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെയും സെക്രട്ടറിയേറ്റിലെയും ക്യാമറകള്‍ ഇടിവെട്ടി നശിച്ചതായും വ്യക്തമാക്കിയിരുന്നു.ഇപ്പോള്‍ പൊതുഭരണവകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തവും എന്‍.ഐ.എക്ക് തെളിവുകല്‍ ലഭിക്കുന്നതിന് വിലങ്ങ്തടിയായി മാറാം.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും അല്ലാതെയും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകളുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുസൂക്ഷിക്കുന്നതും ഈ ഓഫീസിലാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും നടത്തിയ വിദേശ യാത്രകളുടെ ഫയലുകളും ഈ ഓഫീസിലുണ്ട്. കേരള ഹൗസ്, ഗസ്റ്റ് ഹൗസുകള്‍, റസ്റ്റു ഹൗസുകള്‍ എന്നിവിടങ്ങളില്‍ മുറി ബുക്ക് ചെയ്യുന്നതും ആര്‍ക്കൊക്കെ അത് അനുവദിക്കണമെന്ന് തീരുമാനിക്കുന്നതും പോതുഭരണവകുപ്പിന്റെ കീഴിലുള്ള പൊളിറ്റിക്കല്‍ വിംഗിലാണ്. ആരൊക്കെ എവിടെയൊക്കെ താമസിച്ചുവെന്ന് ഇവിടുത്തെ രേഖകളിലൂടെ മനസിലാക്കാം. ഗവ.ഗസ്റ്റായി വരുന്നവര്‍ത്ത് താമസവും ഭക്ഷണവും യാത്രയും ഉള്‍പ്പെടെയുള്ള എല്ലാ ചിലവുകളും സര്‍ക്കാര്‍ ചിലവിലായിരിക്കും. സ്വപ്നയും സിവശങ്കറും ചേര്‍ന്ന് ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയതായും ഇപ്പോള്‍ ആക്ഷേപം ഉയരുന്നുണ്ട്. ഇരുവരും ബാംഗ്ലൂരുവിലെ ഐ.എസ്.ആര്‍.ഒയില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു.
ഇവിടെ ഇ ഫയലുകളുണ്ടെങ്കിലും അപേക്ഷകളും മറ്റു പ്രധാന രഹസ്യരേഖകളും സൂക്ഷിക്കുന്നത് പഴയ രീതിയില്‍തന്നെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ഈ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതുമൂലം ഓഫീസ് ആഴ്ചകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തീപിടുത്തം.






