ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് വിമാനം കയറുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയേക്കും

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ മുന്നോടിയായി കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ദല്‍ഹിയില്‍ നിന്ന് ഹോങ്കോങിലേക്കു പോയ യാത്രക്കാരില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണീ നീക്കം. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന ഇപ്പോഴുണ്ട്. ഇതുപോലെ ഇന്ത്യയില്‍ നിന്നു പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പരിശോധന വേണം. വിമാനം കയറുന്നതിന് മുമ്പ് ടെസ്റ്റ് നടത്തിയെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 

നിലവില്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസ ഇന്‍സ്റ്റിറ്റിയൂഷനല്‍ കോറന്റീനും ഏഴു ദിവസ ഹോം ക്വാറന്റീനുമാണ് ചട്ടം. എന്നാല്‍ യാത്രയ്ക്കു 96 മണിക്കൂര്‍ മുമ്പായി ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവര്‍ക്ക് ഇതില്‍ ഇളവുണ്ട്. അതുപോലെ കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ച വിമാന ജീവനക്കാര്‍ക്കെ ഇന്ത്യയിലേക്ക് വിമാനം പറത്താനുള്ള അനുമതിയുള്ളൂ.
 

Latest News