ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് വന്‍ തൊഴില്‍ നഷ്ടം

മസ്‌കത്ത്- ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 2019 ജൂലൈയില്‍ നിന്ന് 2020 ജൂണിലെത്തുമ്പോള്‍ എണ്ണത്തില്‍ 18.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 44,558 വിദേശികളാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 52,462 ആയിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷനാണ് സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടത്.
സ്വകാര്യമേഖലയിലും വിദേശികളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. 2.5 ശതമാനം കുറവാണ് ഉണ്ടായത്. കുടുംബ മേഖലയില്‍ വിദേശികളുടെ എണ്ണം 3.2 ശതമാനം കുറഞ്ഞു. ഒരു മാസത്തിനിടെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ കാല്‍ലക്ഷത്തിന്റെ കുറവുണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. 2020 ജൂണില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 567,341 ആയിരുന്നു. ജൂലൈയില്‍ അത് 542,091  ആയി കുറഞ്ഞു.

 

Latest News