Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എടക്കൽ ഗുഹയുടെ അവസ്ഥ: പഠനത്തിനു വിദഗ്ധ സമിതി

എടക്കൽ ഗുഹയിലെ ശിലാലിഖിതം

കൽപറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കൽ ഗുഹയുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനു സർക്കാർ ഒമ്പതംഗ വിദഗ്ധ സമിതി രൂപികരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി. പുരാവസ്തു, ചരിത്രം, ഭൂഗർഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കൽ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടതു അനിവാര്യതയാണെന്നു റിപ്പോട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ.എം.ആർ.രാഘവവാര്യർ ചെയർമാനായാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ സമിതി കൺവീനറും കൺസർവേഷൻ ഓഫീസർ ജോയന്റ് കൺവീനറുമാണ്. 
സെന്റർ ഫോർ എർത്ത് സയൻസ് റിട്ടയേർഡ് ശാസ്ത്രജ്ഞൻ ഡോ.ജി.ശേഖർ,കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയൺമെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീർ, തഞ്ചാവൂർ തമിഴ്‌നാട് യൂനിവേഴ്‌സിറ്റി  ആർക്കിയോളജി ആൻഡ് മാരിടൈം ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ.വി.ശെൽവകുമാർ, ചെന്നൈ ഐ.ഐ.ടി സിവിൽ എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.വിദ്യാഭൂഷൺ മാജി, മൈസൂരു റീജനൽ കൺസർവേഷൻ ലാബോറട്ടറിയിലെ സീനിയർ കൺസർവേറ്റർ നിധിൻകുമാർ മൗര്യ, സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ സമിതി  അംഗങ്ങളാണ്. 
നവീന ശിലായുഗത്തിലേതെന്നു ചരിത്ര പണ്ഡിതർ അംഗീകരിച്ച ലിഖിതങ്ങളുള്ളതാണ് രണ്ടു കൂറ്റൻ പാറകൾക്കു മുകളിൽ മറ്റൊരു പാറ നിരങ്ങിവീണു  രൂപപ്പെട്ട എടക്കൽ  ഗുഹ. അമ്പുകുത്തിമലയിൽ നടന്നുവരുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും വിനോദ സഞ്ചാരവും എടക്കൽ ഗുഹയുടെ നിലനിൽപ് അപകടത്തിലാക്കുന്നതു വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തേ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഗുഹയോടു ചേർന്നുണ്ടായിരുന്ന ഹെക്ടർ കണക്കിനു സർക്കാർ ഭൂമി ഇപ്പോൾ സ്വകാര്യ കൈവശത്തിലാണ്. ഗുഹക്കു ചുറ്റുമുള്ള 20 സെന്റ് ഭൂമി മാത്രമാണ് ഇപ്പോൾ സർക്കാർ ഉടമസ്ഥതയിൽ. കഴിഞ്ഞ മഴക്കാലത്തു അമ്പുകുത്തി മലമുകളിൽ ഗുഹയുടെ എതിർവശത്തുള്ള ചരിവിൽ ഭൂമി പിളരുകയും അടർന്നുമാറുകയും ചെയ്തിരുന്നു. 
അമ്പുകുത്തിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഗുഹ ആർക്കിയോളജിൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കുക, മലയിൽ 1986 മുതൽ നൽകിയ മുഴുവൻ പട്ടയങ്ങളും റദ്ദാക്കുക, വാഹകശേഷി ശാസ്ത്രീയമായി നിർണയിച്ച് ഗുഹയിൽ സന്ദർശകരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിസ്ഥിതി പ്രവർത്തകർ വർഷങ്ങളായി ഉന്നയിക്കുന്നതാണ്.  

Latest News