ദുബായ്- ഇസ്രായിലുമായി സുരക്ഷാ കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇയും ഇസ്രായിലും അടുത്തിടെ ഒപ്പുവെച്ച സമാധാന കരാറില്‍ ആഭ്യന്തര സുരക്ഷാ കരാര്‍ ഉള്‍പ്പെടുന്നില്ലെന്ന് വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സാലിം മുഹമ്മദ് അല്‍സആബി പറഞ്ഞു.
സമാധാന കരാറിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതിന് യു.എ.ഇയും ഇസ്രായിലും ധാരണാപത്രം ഒപ്പുവെച്ചതായി ചില ഇസ്രായിലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സാമ്പത്തികവും ശാസ്ത്രീയവുമായ ബന്ധങ്ങള്‍ സ്ഥഥാപിക്കാനാണ് ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെച്ചതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സുരക്ഷാ കരാറുകളുടെ ഭാഗമല്ല ഈ കരാറെന്നും സാലിം മുഹമ്മദ് അല്‍സആബി പറഞ്ഞു.
സുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ച യു.എ.ഇയും ഇസ്രായിലും വൈകാതെ സുരക്ഷാ കരാര്‍ ഒപ്പുവെക്കുമെന്നും ഈ ലക്ഷ്യത്തോടെ രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാര്‍ ആശയവിനിമയം ആരംഭിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്. കൃത്യതയോടെയും വസ്തുനിഷ്ഠമായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശ്വാസയോഗ്യമായ ഉറവിടങ്ങളില്‍നിന്ന് ശരിയായ വിവരങ്ങള്‍ തേടണമെന്നും സാലിം മുഹമ്മദ് അല്‍സആബി ആവശ്യപ്പെട്ടു.