ജയിലുകളില്‍ തിരക്ക്, അനധികൃത താമസക്കാരെ പിടികൂടുന്നത് കുവൈത്ത് നീട്ടിവെക്കുന്നു

കുവൈത്ത് സിറ്റി- ജയിലുകളിലേയും നാടുകടത്തല്‍ കേന്ദ്രങ്ങളിലേയും തിരക്കും അസൗകര്യവും മാനിച്ച്, അനധികൃതമായി രാജ്യത്ത് തുടരുന്നവ രെ പിടികൂടി നാട് കടത്താനുള്ള തീരുമാനം കുവൈത്ത് സര്‍ക്കാര്‍ നീട്ടിവെച്ചു. 1,20,000 ത്തിലേറെ പേരെ പിടികൂടി നാട് കടത്തുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുമാണ് തീരുമാനിച്ചിരുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതോടെ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ച ശേഷം താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുന്നതിനായി റെയ്ഡുകള്‍ നടത്താനാണ് തീരുമാനം.
വിദേശരാജ്യങ്ങളുമായി വിമാന സര്‍വീസുകള്‍ സാധാരണനിലയിലാകാത്തതിനാല്‍, നിയമലംഘകരെ പിടികൂടിയാലും ഏറെ ദിവസങ്ങള്‍ തടവില്‍ പാര്‍പ്പിക്കേണ്ടിവരും. കൊറോണ പശ്ചാത്തലത്തില്‍ ജയിലുകളില്‍ അത്രയേറെപ്പേരെ ഒന്നിച്ച് പാര്‍പ്പിക്കുന്നത് ബുദ്ധിമുട്ടായതാണ് സര്‍ക്കാരിന്റെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

 

Latest News