ഒരു ദശകത്തോളമായി ബാഴ്‌സലോണയുടെ പ്രതീകമായി മാറിയ മെസ്സിയുടെ കരാർ 2021 ൽ അവസാനക്കുകയാണ്. ബാഴ്‌സലോണയോടുള്ള അതൃപ്തി ഇപ്പോൾ മെസ്സി മറച്ചുവെക്കുന്നില്ല. അടുത്ത വർഷത്തെ പ്രസിഡന്റ് ഇലക്ഷനായിരിക്കും നിർണായകമെന്നു കരുതുന്നവരേറെയാണ്. അപ്പോഴേക്കും പുതിയ കോച്ചിന്റെ പ്രവർത്തന ശൈലിയും മെസ്സിക്ക് ബോധ്യമാവും.
ബാഴ്‌സലോണ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌പോർടിംഗ് ഡയരക്ടറെ പുറത്താക്കി. അടുത്ത വർഷം തുടക്കത്തോടെ പുതിയ പ്രസിഡന്റ് നിലവിൽ വരും. വ്യാപകവും ആഴത്തിലുള്ളതുമായ മാറ്റങ്ങൾ വരുത്തുമെന്ന് ക്ലബ്ബ് പ്രഖ്യാപിച്ചു. അതിനു മാത്രം നാണം കെട്ട തോൽവിയാണ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ സംഭവിച്ചത്.
ബയേൺ മ്യൂണിക് 8-2 നാണ് യൂറോപ്പിലെ പ്രിയപ്പെട്ട ടീമുകളിലൊന്നിനെ അടിച്ചുകുടഞ്ഞെടുത്തത്. ഈ മാറ്റങ്ങൾ കൊണ്ടൊക്കെ തങ്ങളുടെ ഐഡന്റിറ്റി തന്നെയായി മാറിയ താരത്തെ കൂടെ നിർത്താൻ ബാഴ്‌സലോണക്ക് സാധിക്കുമോയെന്നതാണ് ചോദ്യം. ഒരു ദശകത്തോളമായി ബാഴ്‌സലോണയുടെ പ്രതീകമായി മാറിയ മെസ്സിയുടെ കരാർ 2021 ൽ അവസാനക്കുകയാണ്. ബാഴ്‌സലോണയോടുള്ള അതൃപ്തി ഇപ്പോൾ മെസ്സി മറച്ചുവെക്കുന്നില്ല.
മെസ്സിയുമായി സംസാരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പിതാവുമായാണ് സംസാരിച്ചത് എന്നാണ് ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് ബർതോമിയൊ ചൊവ്വാഴ്ച ബാഴ്‌സ ടി.വിയോട് പറഞ്ഞത്. മെസ്സി നിരാശയിലാണ്, അമർഷമുണ്ട്. മറ്റെല്ലാവരെയും പോലെ. വേദനാജനകമാണ് ഈ തോൽവി. പക്ഷെ എഴുന്നേറ്റേ പറ്റൂ. എല്ലാവരും അതിനാണ് ശ്രമിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവില്ലാത്ത വിധം ഈ സീസണിൽ മെസ്സി ക്ലബ്ബിനെ വിമർശിക്കുന്നുണ്ട്. ടീമിന്റെ പ്രശ്‌നത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചു. ക്ലബ്ബ് ഡയരക്ടർമാരുടെ മോശം തീരുമാനങ്ങളെ വിമർശിച്ചു. ബാഴ്‌സലോണ വിടുമെന്ന് മെസ്സി ഒരിക്കലും സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ സമീപകാല സംഭവങ്ങൾ ബാഴ്‌സലോണയിൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് സംശയമുണർത്തുന്നു.
ഫുട്‌ബോൾ വളരെ പെട്ടെന്ന് ജീവിതത്തിൽ സംഭവിച്ചു കടന്നുപോവുന്ന പ്രതിഭാസമാണെന്നും അതിനാൽ അടുത്ത രണ്ടു വർഷം മെസ്സിക്ക് പ്രധാനമാണെന്നും മുൻ ഇംഗ്ലണ്ട് താരം റിയൊ ഫെർഡിനാന്റ് പറയുന്നു. ഇതുവരെ ചെയ്തതു പോലെ കളികളെയും കളിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയും സ്വാധീനിക്കാൻ മെസ്സിക്ക് സാധിക്കുമോ? വലിയ കിരീടങ്ങൾക്കായി പൊരുതണമെന്ന് മെസ്സി ആഗ്രഹിക്കുന്നുണ്ടോ? അറിയില്ല -ഫെർഡിനാന്റ് പറഞ്ഞു.
അടുത്ത ജൂണിലാണ മെസ്സിയുടെ കരാർ അവസാനിക്കുക. അത് നീട്ടാനുള്ള ചർച്ച സ്തംഭിച്ചിരിക്കുകയാണ്. ക്ലബ്ബിൽ പ്രശ്‌നങ്ങൾ ആരംഭിച്ചതോടെയാണ് മെസ്സിയുടെ ഭാഗത്തു നിന്ന് മെല്ലെപ്പോക്ക് നയം തുടങ്ങിയത്. അടുത്ത ജൂൺ വരെ കാത്തുനിൽക്കാതെ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് മെസ്സിയെന്ന് ബ്രസീലിയൻ വാർത്താ ഏജൻസി എസ്‌പോർടെ ഇന്ററാറ്റിവൊ പറയുന്നു.
ബയേണിനോട് ബാഴ്‌സലോണ നാണംകെട്ടതു മുതൽ മെസ്സിക്കായി വലവീശുന്ന ക്ലബ്ബുകൾ സജീവമായി. മെസ്സിയുടെയും ബാഴ്‌സലോണയുടെയും പഴയ കോച്ച് പെപ് ഗാഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് അതിൽ മുന്നിൽ.
ബയേണിൽ നിന്ന് കിട്ടിയ പ്രഹരം വഴിത്തിരിവാകുമെന്ന് കരുതുന്നവരേറെയാണ്. ഇടവേളയിൽ തന്നെ മെസ്സി പ്രതീക്ഷ കൈവിട്ടിരുന്നു. ഇടവേളക്കു ശേഷം മറ്റു കളിക്കാർ ഗ്രൗണ്ടിലേക്ക് തിരിച്ചിറങ്ങുമ്പോൾ ക്യാമറക്കണ്ണുകൾ തേടിയത് മെസ്സിയെയായിരുന്നു. ബെഞ്ചിന്റെ ഒരു മൂലയിൽ വിരൽ കടിച്ച് നിരാശയോടെ ഇരിക്കുകയായിരുന്നു മെസ്സി.
പോർചുഗലിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കഴിഞ്ഞ് തിരിച്ചെത്തി ട്രയ്‌നിംഗ് ഗ്രൗണ്ടിലേക്ക് വന്ന മെസ്സിയെയും കൂട്ടരെയും കാത്തിരുന്നത് ആരാധകരുടെ രോഷപ്രകടനമാണ്. സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണ ബദ്ധവൈരികളായ റയൽ മഡ്രീഡിന് അടിയറ വെച്ചപ്പോൾ മെസ്സി പരസ്യമായി പ്രതികരിക്കാൻ തയാറായിരുന്നു. എന്നാൽ ലിസ്ബണിലെ തോൽവിക്കു ശേഷം മെസ്സി പ്രതികരിച്ചിട്ടില്ല.
ഈ സീസണിന്റെ തുടക്കത്തിൽ ക്ലബ് ഡയരക്ടർമാരുടെ ചില തീരുമാനങ്ങളെ മെസ്സി ചോദ്യം ചെയ്തു. പ്രത്യേകിച്ചും സ്‌പോർടിംഗ് ഡയരക്ടർ എറിക് അബിദാലിന്റെ ചില പ്രസ്താവനകൾ മെസ്സിയെ ചൊടിപ്പിച്ചു. ടീം തുടരെ തോൽക്കുന്നത് കളിക്കാരുടെ ആത്മാർഥതയില്ലായ്മ കൊണ്ടാണെന്ന് അബിദാൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അബിദാലുമായി ബാഴ്‌സലോണ വഴിപിരിഞ്ഞു. ക്ലബ്ബിലെ അവസ്ഥ ഇതാണെങ്കിൽ ടീം ചാമ്പ്യൻസ് ലീഗിൽ അധികം മുന്നേറില്ലെന്നും വളരെ നേരത്തെ മെസ്സി പ്രവചിച്ചിരുന്നു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാഴ്‌ലോണയുടെ സാമ്പത്തിക നിലയും മോശമാണ്. മെസ്സിയുമായുള്ള കരാർ പുതുക്കുന്നതിൽ അതും ഒരു പ്രതിബന്ധമാണ്. ബാഴ്‌സലോണയിൽ തന്നെ മെസ്സി കരിയർ അവസാനിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇപ്പോഴത്തെ പ്രസിഡന്റ് ബർതോമിയൊ. പഴയ ബാഴ്‌സലോണ ഡിഫന്ററായ റോണൾഡ് കൂമൻ കോച്ചായി വന്ന സ്ഥിതിക്ക് മെസ്സി തുടരാൻ സാധ്യതയുണ്ടെന്നും ബർതോമിയൊ വിശ്വസിക്കുന്നു. താൻ കൂമനുമായി സംസാരിച്ചുവെന്നും മെസ്സിയായിരിക്കും തന്റെ പദ്ധതികളിലെ കേന്ദ്ര ബിന്ദുവെന്നും അദ്ദേഹം വ്യക്തമാക്കിയതായും ബർതോമിയൊ വിശദീകരിക്കുന്നു.
എന്നാൽ അടുത്ത വർഷത്തെ പ്രസിഡന്റ് ഇലക്ഷനായിരിക്കും നിർണായകമെന്നു കരുതുന്നവരേറെയാണ്. അപ്പോഴേക്കും പുതിയ കോച്ചിന്റെ പ്രവർത്തന ശൈലിയും മെസ്സിക്ക് ബോധ്യമാവും. മെസ്സിക്ക് 33 വയസ്സായി. ടീമിലെ 'വയസ്സൻ' പടയിലെ അംഗമാണ്. ജെറാഡ് പിക്വെ, സെർജിയൊ ബുസ്‌ക്വെറ്റ്‌സ്, ഇവാൻ റാകിറ്റിച്, ആർതുറൊ വിദാൽ, ജോർദി ആൽബ എന്നിവർക്കെല്ലാം മുപ്പത് കഴിഞ്ഞു. അൻസു ഫാത്തി, റിക്വി പൂയിഗ് തുടങ്ങിയ ഇളംപ്രായമുള്ള കളിക്കാർക്ക് ബാഴ്‌സലോണയുടെ മത്സരങ്ങളെ എത്രമാത്രം സ്വാധീനിക്കാനാവുമെന്ന് വ്യക്തമായിട്ടില്ല.
വ്യാപകമായ മാറ്റങ്ങൾ വരും എന്ന് ക്ലബ് പ്രഖ്യാപിച്ചപ്പോൾ പലരും നോക്കിയത് മെസ്സിയെയാണ്. ബർതോമിയൊ അക്കാര്യം ഉടൻ വിശദീകരിച്ചു. ട്രാൻസ്ഫർ പട്ടികയിൽ മെസ്സി ഇല്ലെന്ന്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്ന് അദ്ദേഹം അടിവരയിടുകയും ചെയ്തു. ചരിത്രത്തിലെ മികച്ച കളിക്കാരന് ബാഴ്‌സലോണ എന്ന താവളം മടുത്തുവോയെന്നതാണ് ചോദ്യം.