ദുബായ് - രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. പുതുതായി 391 കേസുകളാണ് സ്ഥിരീകരിച്ചത്. 143 പേര്‍ക്ക് രോഗമുക്തിയുണ്ടായി. അതേസമയം, മുന്‍ദിവസത്തെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ലേറെ കേസുകളിലെ കുറവുണ്ടായിട്ടുണ്ട്. ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 370 ആയി.
ഇതുവരെ 66,193 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 58,296 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 82,191 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെയുള്ള കോവിഡ് പരിശോധന 62 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈയാഴ്ചയിലെ ആദ്യ ദിനങ്ങളുമായി പരിഗണിക്കുമ്പോള്‍ കേസുകളില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചയിലെ 210 രോഗികളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് 391 ആയി ഉയര്‍ന്നത്.
അതിനിടെ, രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദേശീയ ദുരന്ത നിവാരണ വിഭാഗം വക്താവ് ഡോ. സെയ്ഫ് അല്‍ ദാഹിരി അല്‍ ഇമാറാത് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം പെരുകിയത് പ്രതിരോധങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ കാണിച്ച അലംഭാവത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ചങ്ങലയാണ്, പൊട്ടിക്കണം. എങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകും. രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുതലുണ്ടായിരുന്ന അവസ്ഥയിലേക്ക് പോകേണ്ടതുണ്ട്. രോഗികള്‍ കൂടാതിരിക്കാനുള്ള നടപടികള്‍ യു.എ.ഇ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അല്‍ദാഹിരി വ്യക്തമാക്കി. പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്.