കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടിക്ക് പോയ മന്ത്രി രാജിവെച്ചു

ഡബ്ലിന്‍- കോവിഡ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി നടപടികള്‍ ശക്തമാക്കുന്നതിനു തീരുമാനമെടുത്ത ശേഷം ഹോട്ടലില്‍ പാര്‍ട്ടിക്ക് പോയ അയര്‍ലന്‍ഡ് കൃഷി മന്ത്രി ഒടുവില്‍ രാജിവെച്ചു. കോവിഡ് തടയുന്നതിനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് താന്‍ തുരങ്കം വെച്ചുവെന്ന് സമ്മതിച്ചുകൊണ്ടാണ് മന്ത്രി ഡാറ കല്ലിയറിയുടെ രാജി. ആരോഗ്യ ചട്ടങ്ങള്‍ ലംഘിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.


ഐറിഷ് പാര്‍ലമെന്റിന്റെ ഗോള്‍ഫ് സൊസൈറ്റി ഹോട്ടലില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലാണ് 80 പേരോടൊപ്പം മന്ത്രി പങ്കെടുത്തത്. ഇദ്ദേഹവും സഹമന്ത്രിമാരും പങ്കെടുത്ത കാബിനറ്റ് യോഗം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനമെടുത്ത ദിവസം തന്നെയായിരുന്നു പാര്‍ട്ടി. യൂറോപ്പില്‍ അയര്‍ലന്‍ഡാണ് കോവിഡ് വ്യാപനം തടയുന്നതിന് അല്‍പമെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം.  കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂക്ഷവിമര്‍ശനം നേരിടുന്നുമുണ്ട്. രാജ്യത്ത് ചടങ്ങുകളില്‍ ആറു പേര്‍ മാതമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിയന്ത്രണമുണ്ട്.


യൂറോപ്യന്‍ വ്യാപാര കമ്മീഷണര്‍ ഫില്‍ ഹോഗന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ച ഹോട്ടലിലെ ഗോള്‍ഫ് അത്താഴ വിരുന്ന് രാജ്യത്ത് വന്‍ വിവാദമായിട്ടുണ്ട്.
ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കോവിഡ് തടയുന്നതിനായി രാജ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഞാന്‍ പോറല്‍ ഏല്‍പിച്ചു -തന്റെ പ്രാദേശിക റേഡിയോ നിലയമായ മിഡ് വെസ്റ്റ് റേഡിയോയില്‍ മന്ത്രി ഡാറ പറഞ്ഞു. മന്ത്രിയുടേത് ശരിയായ തീരുമാനമാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ രാജി സ്വീകരിച്ചു.
ജനങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്തപ്പോഴാണ് മന്ത്രി പാര്‍ട്ടിക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഡാറയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ജനങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെുടക്കാനെത്തിയവര്‍ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്ന് ഹോട്ടലിലുണ്ടായിരുന്ന ഒരാളെ ഉദ്ധരിച്ച് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

Latest News