Sorry, you need to enable JavaScript to visit this website.

കൺകുളിർമയേകുന്ന വീടകങ്ങൾ 

'ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം എനിക്കൊരു
കാമിനിയല്ല ആനന്ദത്താലും ദുഃഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം'. 'പുരാവൃത്തം' എന്ന കവിതയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി അയ്യപ്പൻ കുറിച്ച പ്രസിദ്ധമായ വരികളാണിവ. 


ഒരു അമ്മയുടെയും അച്ഛന്റെയും മക്കളായി പിറന്ന ആങ്ങളയും പെങ്ങളും എത്ര തവണ കലഹിച്ചിട്ടുണ്ടാവും, ആനന്ദത്താലും സങ്കടത്താലും കണ്ണ് നിറച്ചിട്ടുണ്ടാവും അല്ലേ? സ്വതന്ത്രമായി കുടുംബ ജീവിതം നയിക്കുന്നതിനു മുമ്പ്, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, പലവുരു വഴക്കിലും അസൂയയിലും കുശുമ്പിലും പൊട്ടിത്തെറിയിലും ചിരിയിലും കരച്ചിലിലും കരുതലിലും ഒന്നിനൊന്നു മെച്ചമായിരുന്നു ഞങ്ങളെന്ന് ഉള്ളാലെ ഓർത്ത് ചിരിക്കാത്തവർ, വിതുമ്പാത്തവർ മുതിർന്നവരിൽ അധികം ഉണ്ടാവില്ല . 


കുട്ടിക്കാലം പിന്നിട്ട മക്കളെ കുറിച്ച് ഓർത്തോർത്ത് വാതോരാതെ പറയാനുണ്ടാവും ഓരോ അമ്മയ്ക്കും അച്ഛനും. അനിയനോട് അല്ലെങ്കിൽ ഏച്ചിയോട് പിണങ്ങി വാശി മൂത്ത് ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ കിടന്നത്; പാതിരാവിൽ ആരുമറിയാതെ അടുപ്പത്ത് മൂടിവെച്ച തണുത്തുറഞ്ഞ അത്താഴം ഒച്ചയുണ്ടാക്കാതെ ആർത്തിയോടെ കഴിച്ച് പുതപ്പിനടിയിൽ ചുരുണ്ടത്; ഇത്തരം ഓർമകൾ താലോലിക്കാത്തവർ ചുരുക്കമായിരിക്കും. 


സ്‌നേഹത്തിന്റെ കടുപ്പമറിയാൻ കട്ടിലിനുള്ളിലിരുളിൽ ഒളിച്ച് കിടന്നതും മച്ചിൽ കയറി മലർന്ന് കിടന്നതും കിടപ്പായയിൽ ചുരുണ്ട് മൂലയിൽ ചാഞ്ഞ് മറഞ്ഞു നിന്നതും ചിലർ പറഞ്ഞിട്ടെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാവും. അമ്മയുടെ വിളിയിലെ ആവേശവും ആവലാതിയും താങ്ങാനാവാതെ ഞാനിവിടെയുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞതും കുറെ നാളത്തേക്ക് അമ്മ മിണ്ടാതെ നടന്നതുമെല്ലാം പലർക്കുമിപ്പോൾ ഓർത്തോർത്ത് ചിരിക്കാൻ, കണ്ണ് നിറയാൻ, പ്രാർത്ഥിക്കാൻ  പകരുന്ന ഊർജവും ഉൽസാഹവും ചെറുതല്ലല്ലോ? 
മഴക്കാലം ഓലപ്പുരകളിൽ സ്വരക്കാലം കൂടിയായിരുന്നു. ശീതമേറ്റ് പുതപ്പില്ലാതെ കിടന്നു വിറങ്ങലിച്ച രാവുകൾ! ഇടിമിന്നലിൽ ആകാശത്ത് നിന്ന് വെളിപ്പെട്ട ഭയാശങ്കകൾ, വെളിപാടുകൾ. പുതപ്പിനും പുസ്തകത്തിനും പിടിവലി കൂടിയതും ഉഗ്രൻ കാറ്റിൽ റാന്തൽ വിളക്ക് നനഞ്ഞാടി വീണതും പുകയും നിഴലും എന്റെ ഭാഗത്താണ് വെളിച്ചം നിന്റെ ഭാഗത്താണെന്നും പറഞ്ഞ് പിടിച്ച് തള്ളിയതും മറിഞ്ഞ് വീണ് നിലവിളിച്ചതും ഉൾപ്പെടെ എന്തെല്ലാം എന്തെല്ലാം ഓർമകൾ. 


ഒടുവിൽ പുന്നാര പെങ്ങൾ മുതിർന്ന് വിവാഹിതയായി പടിയിറങ്ങിപ്പോയപ്പോൾ ഓർത്തോർത്ത് കൂടുതൽ കരഞ്ഞതും അവളുടെ നന്മയ്ക്കായി പ്രാർത്ഥിച്ചതും ആ അനിയനായിരുന്നല്ലോ? തൊഴിൽ തേടി അന്യദേശത്തേക്ക് അനുജൻ വണ്ടി കേറി പോവുമ്പോൾ തൂവാല മറച്ച് കണ്ണീര് ഒപ്പിയത് ആ ധാർഷ്ട്യക്കാരനായ കുഞ്ഞേട്ടനായിരുന്നല്ലോ? 
അതെ ലോക്ഡൗൺ കാലത്ത് ഇപ്പോൾ മക്കൾ വീട്ടിൽ തന്നെയാണ്. പുറത്ത് പോണില്ല. പകലും രാത്രിയും വീട്ടിൽ തന്നെ അവരുടെ കലഹം തീർന്ന നേരമില്ല: പിണക്കങ്ങൾ, വഴക്കുകൾ, മർദനങ്ങൾ, ശകാര വർഷങ്ങൾ, 'എന്റമ്മോ നിസ്സാര കാര്യങ്ങൾ മതി വീട്ടിൽ കലാപം പൊട്ടിപുറപ്പെടാൻ,' ഇങ്ങനെ പറയുന്ന അമ്മമാരാണധികവും. 
ചിലർ മനം മടുത്ത് വിഷാദരോഗികൾ വരെയായിട്ടുണ്ട്. സ്‌കൂളിലും യാത്രകളിലും കളിക്കളങ്ങളിലും ചങ്ങാതി കൂട്ടങ്ങളിലും കത്തിജ്വലിക്കേണ്ട ഊർജം ചില വീടുകളിൽ എല്ലാ പരിധിയും ലംഘിച്ച് ക്രിമിനൽ പ്രവണത വരെ കാണിച്ച് തുടങ്ങിയത് നാം പത്രങ്ങളിൽ വായിക്കുന്നു. 


പോരിന് പല കാരണങ്ങളുണ്ടാവാം മക്കൾക്ക്. വളർച്ചയുടെ ഘട്ടത്തിൽ അവ തികച്ചും സ്വാഭാവികമാണ്. അതൊക്കെ യഥാസമയം വിവേകപൂർവം ആരോഗ്യകരമായി പരിഹരിച്ച് മുന്നേറുന്ന കുടുംബങ്ങളിൽ സന്തോഷം കളിയാടും. 
വിട്ടുവീഴ്ച, ഭിന്നഭിപ്രായങ്ങളോടുള്ള ഗുണാത്മക മനോഭാവം, പരാനുഭൂതി (എമ്പതി), സംഘർഷ ലഘൂകരണം, കാരുണ്യം, കനിവ് തുടങ്ങി പിൽക്കാല ജീവിതത്തിലേക്കാവശ്യമായ ഒരുപാട് കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ഉതകുന്നതാണ് മക്കൾക്കിടയിലെ സഹജമായ അരിശവും പിരിശവും വെറുക്കലും പൊറുക്കലുമെന്നറിയുക. 


മക്കൾക്കിടയിലെ പോരും പകയും നിയന്ത്രണാതീതമാവാതെ നോക്കാൻ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന കാരണങ്ങളാൽ ചിലപ്പോൾ അസഹനീയവും അസ്വസ്ഥ ഭരിതവുമായിരിക്കും ഗാർഹികാന്തരീക്ഷം. കഴിയുന്നതും അവർ ഉണ്ടാക്കിയ പ്രശ്‌നം അവർ തന്നെ പരിഹരിക്കുന്നതിനുള്ള അവസരം ക്ഷമാപൂർവം ഒരുക്കുക. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. ആരുടേയും പക്ഷം ചേരാതിരിക്കണം. പ്രശ്‌നമെന്താണെന്ന് അവർ തന്നെ വിലയിരുത്തട്ടെ. എന്തുകൊണ്ടാണത് കുടുംബത്തിൽ ശല്യമായി മാറുന്നതെന്ന് ആലോചിക്കാൻ തക്ക തരത്തിലുള്ള ചോദ്യങ്ങൾ കലഹവേലിയിറക്കത്തിന് ശേഷം അവധാനതയോടെ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത് നന്നാവും. പ്രശ്‌ന പരിഹാരം അവരിൽ നിന്ന് തന്നെ തേടുക.


നീതി ബോധവും വീട്ടുവീഴ്ചയും മാന്യമായ സംസാരവും പ്രസാദാത്മകമായ മനോഭാവവും സമീപനവും പിൽക്കാല ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വിവിധ ആത്മസംഘർഷങ്ങൾ ലഘൂകരിക്കാൻ എത്ര മാത്രം പ്രയോജനപ്പെടുമെന്ന് അവർ സ്വയം പഠിച്ചെടുക്കുന്ന പാഠ്യ പ്രവർത്തനമാക്കി കലഹങ്ങളെ ക്രിയാത്മകമായി മാറ്റുക. ഇത്തിരി ക്ഷമയോടെ കൈകാര്യം ചെയ്താൽ തുടർ കലഹങ്ങൾ ഇല്ലാതാക്കാൻ അത് ഏറെ സഹായിക്കും. 
ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിപ്രായ ഭിന്നതകളെയും സരസമായും സമചിത്തതയോടും കൂടി കൈകാര്യം ചെയ്യുന്ന മാതൃക ഇണകളായി മാതാവും പിതാവും ജീവിച്ച് കാട്ടിക്കൊടുക്കുന്നതിനേക്കാൾ വലിയ പാഠം അവർക്ക് വേറെ കിട്ടാനില്ലെന്നറിയുക. 


സ്വാഭാവിക കലഹങ്ങളെ കലാപങ്ങളാക്കി ചിത്രീകരിക്കുന്ന വഷളൻ വിഷ വിത്തുകൾ ഇളം മനസ്സിൽ പാകി മുളപ്പിക്കുന്ന തരം താണ കണ്ണീർ സീരിയലുകൾക്ക് പകരം ക്ലാസിക് കൃതികളുടെ വായനയിലേക്കും ചരിത്ര പഠനങ്ങളിലേക്കും വേദഗ്രന്ഥങ്ങളുടെ പാരായണ പഠനങ്ങളിലേക്കും ഉപകാരപ്രദമായ വിനോദങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാവുന്നതാണ്. 
എപ്പോഴും പഠനം പഠനം എന്ന് പറഞ്ഞ് കുട്ടികളെ മുഷിപ്പിക്കാതെ ആഴ്ചയിലൊരിക്കലെങ്കിലും കുടുംബ യോഗങ്ങൾ നടത്തി കുട്ടികളിലെ സർഗ പാടവങ്ങൾ, ആവിഷ്‌കാര വൈഭവങ്ങൾ എന്നിവ ആസ്വദിക്കാനും പരിപോഷിപ്പിക്കാനും കുടുബനാഥൻമാർ നേരം കണ്ടെത്തുന്നതും നല്ലതാണ്. വർണനാതീതമായ കൺകുളിർമയിൽ വീടകം അപ്പോൾ ഹൃദയഹാരിയാവും. മറ്റൊരു ജന്മം കൂടി ജനിക്കാൻ പുണ്യം പുലരുന്നതിനായി പ്രാർത്ഥനയുയരുന്ന വിശുദ്ധ ഇടമായി കുടുംബാന്തരീക്ഷം മാറുകയും ചെയ്യും.

Latest News