റിയാദില്‍ വന്‍ തീപ്പിടിത്തം; പത്ത് മരണം


റിയാദ് - സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്തു വിദേശ തൊഴിലാളികള്‍ ദാരുണമായി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബദ്ര്‍ ഡിസ്ട്രിക്ടില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിനാണ് തീ പിടിച്ചത്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് വര്‍ക്ക് ഷോപ്പിനകത്ത് പത്തു തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വര്‍ക്ക് ഷോപ്പിനകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. ഏതെല്ലാം രാജ്യക്കാരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണ്.
അഗ്നിബാധയെ കുറിച്ച് ഇന്നലെ പുലര്‍ച്ചെ 4.17 ന് ആണ് സില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വര്‍ക്ക് ഷോപ്പില്‍ നിന്ന് തീ ഉയരുന്നത് കണ്ടവര്‍ സിവില്‍ ഡിഫന്‍സില്‍ അറിയിക്കുകയായിരുന്നു.


സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും റെഡ് ക്രസന്റ് പ്രവര്‍ത്തകരും എത്തുമ്പോഴേക്കും അറുനൂറ് ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വര്‍ക്ക് ഷോപ്പില്‍  തീ പടര്‍ന്നുപിടിച്ചിരുന്നു. മരഉരുപ്പടികളും ഈര്‍ച്ചപ്പൊടികളും പെയിന്റ് വീപ്പകളുമാണ് വര്‍ക്ക് ഷോപ്പില്‍ വേഗത്തില്‍ തീ ആളിപ്പടരുന്നതിന് ഇടയാക്കിയത്. ഇവ വര്‍ക്ക് ഷോപ്പിന്റെ മുന്‍ഭാഗത്താണുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വര്‍ക്ക് ഷോപ്പ് ഉടമ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതാണ് ദുരന്ത കാരണം. വര്‍ക്ക് ഷോപ്പുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അകത്ത് തൊഴിലാളികള്‍ക്ക് താമസസ്ഥലം സജ്ജീകരിക്കുന്നത് നിയമ ലംഘനമാണ്. ഇത് പാലിക്കാതെ തൊഴിലാളികള്‍ വര്‍ക്ക് ഷോപ്പിനകത്ത് കിടന്നുറങ്ങിയതാണ് പത്തു പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. സംഭവത്തില്‍ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും അന്വേഷണം തുടരുകയാണ്.

Latest News