ഓണ്‍ലൈന്‍ പിരിവ് നടത്തി പണം തട്ടിയതിന് ട്രംപിന്റെ മുന്‍ ഉപദേശകന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്- യുഎസില്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ വംശീയ വിരുദ്ധ നീക്കങ്ങളില്‍ പങ്കുള്ള മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സ്റ്റീവ് ബാനന്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റില്‍. കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ചുവട് പിടിച്ച് 'വി ബില്‍ഡ് ദി വാള്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ പിരിവ് നടത്തിയാണ് ബാനന്‍ മറ്റു മൂന്നു പേര്‍ക്കൊപ്പം ചേര്‍ന്ന് വന്‍തോതില്‍ പണം തട്ടിയത്. ഈ ഓണ്‍ലൈന്‍ പിരിവിലൂടെ ഇവര്‍ 2.5 കോടി ഡോളര്‍ സ്വരൂപിച്ചിരുന്നു. മുഴുവന്‍ പണവും യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനെ അനുകൂലിച്ച് നിരവധി പേരാണ് പണം സംഭാവന നല്‍കിയത്. പിരിവിലൂടെ ലഭിച്ച പണം ബാനനും മറ്റു രണ്ടു പേരും ചേര്‍ന്ന് വ്യാജ ബില്ലുകളും കരാര്‍ രേഖകളും ഉണ്ടാക്കിയും മറ്റുവഴികളിലൂടേയും പണം വഴിമാറ്റുകയായിരുന്നു.

2016ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായിരുന്ന ബാനന്‍ തീവ്രവലതു പക്ഷ മാധ്യമ സ്ഥാപനമായ ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസിന്റെ തലവനായിരുന്നു. ട്രംപ് പ്രസിഡന്റായതോടെ വൈറ്റ് ഹൗസില്‍ ഉന്നത പദവി ലഭിച്ചു. കടുത്ത ദേശീയവാദവും വംശീയതയും നിറഞ്ഞ ട്രംപിന്റെ പലനിലപാടുകള്‍ക്കും പിന്നില്‍ ബാനന്‍ ആയിരുന്നു. ഏതാനും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയതിനു പിന്നിലും പാരിസ് കാലാവസ്ഥാ കരാറില്‍ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനവും ബാനന്റെ ബുദ്ധിയായിരുന്നു.
 

Latest News